ചുഴലിക്കാറ്റിന്റെ ചുഴിയില്‍പ്പെട്ട് ചുരുളഴിയാതെ തുടരുന്ന പെരുമണ്‍ ദുരന്തം

ആര്‍.രാഹുല്‍

തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് ഇപ്പോഴും സര്‍വീസ് തുടരുന്ന 6526ആം നമ്പര്‍ ഐലന്റ് എക്‌സ്പ്രസ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിന് ഒരു വിങ്ങലാണ് ഉണ്ടാവുക. ഇതേ നമ്പറില്‍ ഇതേ പേരില്‍ ഈ തീവണ്ടി ചൂളം വിളിച്ച് പായുമ്പോള്‍ പ്രദേശവാസികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടത്തിന്റെ ഓര്‍മ്മകളാണ്.

Also Read- ഒഡീഷ ട്രെയിന്‍ അപകടം; തമിഴ്നാട്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ഐലന്റ് എക്‌സ്പ്രസ് 1988 ജൂലൈ 8 ന് പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചുണ്ടായ മഹാദുരന്തത്തില്‍ 105 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തം മലയാളികളുടെ മനസില്‍ തീരാത്ത നോവ് സൃഷ്ടിച്ചപ്പോള്‍ ദുരന്തകാരണങ്ങളെപ്പറ്റിയുള്ള റെയില്‍വേയുടെ വിശദീകരണം കേരളത്തിന് കൗതുകങ്ങളും സമ്മാനിച്ചു. ഐലന്റ് എക്‌സ്പ്രസ് പെരുമണ്‍ പാലത്തിന് മുകളില്‍ എത്തിയ പ്രത്യേക നിമിഷത്തില്‍ അഷ്ടമുടിക്കായലിലേക്ക് താഴ്ന്നുവന്ന ടൊര്‍ണാഡോ (കരിഞ്ചുഴലിക്കാറ്റ്) ആണ് അപകടത്തിന് കാരണം എന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. പ്രദേശവാസികള്‍ പോലും അറിയാതെ ഒരു പ്രത്യേക നിമിഷത്തില്‍ എത്തിയ ചുഴലിക്കാറ്റ് എന്ന വാദത്തിന് ശേഷം റെയില്‍വേ നല്‍കിയ വിശദീകരണങ്ങളെല്ലാം മലയാളികള്‍ക്ക് അവിശ്വസിനീയമായിരുന്നു.

Also Read- ഒഡീഷ: സിഗ്നല്‍ നല്‍കുന്നതിലെ പി‍ഴവ് വിളിച്ചുവരുത്തിയത് വന്‍ദുരന്തം, മോദിയുടെ പ്രഖ്യാപനം പാ‍ഴ് വാക്ക്

ഐലന്റ് എക്സ്പ്രസിന്റെ എഞ്ചിന്‍ പെരുമണ്‍ പാലത്തില്‍ കയറുന്നതിന് വളരെ മുന്‍പു തന്നെ പാളം തെറ്റിയിരുന്നുവെന്നും. അതുകൊണ്ടു തന്നെ പാലത്തിന് മുകളില്‍ എത്തിയ ശേഷം തീവണ്ടി അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു എന്ന് അന്നത്തെ പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ വിഷ്ണു പോറ്റിയുടെ റിപ്പോര്‍ട്ടിനു മുകളിലാണ് അക്ഷരാര്‍ത്ഥത്തില്‍ ‘ചുഴലിക്കാറ്റ്’ പതിച്ചത്. പോറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആ കണ്ടെത്തലുകളും ചുഴലിക്കാറ്റില്‍ പാറിപ്പോയി. പിന്നീട് കാരണമായി പറഞ്ഞത് സേഫ്ടി കമ്മീഷണര്‍ സൂര്യനാരായണന്റെ ടൊര്‍ണാഡോ എന്ന അത്ഭുത പ്രതിഭാസമായിരുന്നു.

തീവണ്ടിയുടെ എഞ്ചിന്റെ വലതുവശത്തെ ആദ്യത്തെ ചക്രമാണ് ആദ്യം തെറ്റിയതെന്ന് ഫൊറന്‍സിക് വിദഗ്ധനായ വിഷ്ണു പോറ്റി കൃത്യമായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, കരിഞ്ചുഴലിക്കാറ്റ് എന്ന പ്രതിഭാസത്തെ ദുരന്തകാരണമായി പ്രതിഷ്ടിക്കാനായിരുന്നു സൂര്യനാരായണനും ഇന്ത്യന്‍ റെയില്‍വേക്ക് താത്പര്യം. റെയില്‍വേയുടെ ടൊര്‍ണാഡോ വാദത്തില്‍ വിവിധ കോണുകളില്‍ നിന്ന് സംശയവും വിമര്‍ശനവും ഉയര്‍ന്നപ്പോള്‍ റിട്ടയേര്‍ഡ് എയര്‍ മാര്‍ഷല്‍ സിഎസ് നായികിന്റെ നേതൃത്വത്തില്‍ അപകടത്തപ്പറ്റി അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷനെ നിയമിച്ചു. ദുരന്തം നടന്ന പെരുമണിലെ നാട്ടുകാരെപ്പോലും നേരിട്ട് കാണുകയോ അവരില്‍ നിന്ന് വിവരങ്ങളോ ശേഖരിക്കാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കി. കമ്മീഷന്‍ റെയില്‍വേയുടെ ചുഴലിക്കാറ്റിനെ കമ്മീഷന്‍ തള്ളിക്കളഞ്ഞെങ്കിലും യഥാര്‍ഥ കാരണം കണ്ടെത്തിയില്ല. ഇപ്പോഴും ചുഴലിക്കാറ്റിന്റെ ചുഴിയില്‍പ്പെട്ട് ചുരുളഴിയാതെ തുടരുകയാണ് പെരുമണ്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News