കൊടും ചൂടും വായുമലിനീകരണവും ഒരു പോലെ വലച്ചിരുന്ന രാജ്യ തലസ്ഥാനത്തിന് ഒടുവില്‍ ആശ്വാസം. ദില്ലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ടോടെ മഴയെത്തി. പല ഭാഗങ്ങളിലും ആലിപ്പഴവും പെയ്തു. മഴയും, മൂടിക്കെട്ടിയ ആകാശവും വെയിലിന്റെ കാഠിന്യം കുറച്ചിരുന്നു. ഇതോടെ താപനിലയിലും കുറവുണ്ടായി. 25.3 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് കുറവാണിത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ദില്ലിയില്‍ അവസാനമായി ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 23 .2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇത്.
വരും ദിവസങ്ങളില്‍ പകല്‍ സമയത്തും മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളിലെ താപവ്യതിയാനങ്ങള്‍ മൂലം ഉണ്ടായ, ഉഷ്ണമേഖലാ വായുപ്രവാഹമാണ് മഴയ്ക്ക് കാരണമായതെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിഭാഗം മേധാവി അറിയിച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. ഞായറാഴ്ച മഴയ്ക്ക് ശക്തി കുറവായിരിക്കുമെന്നും തിങ്കളാഴ്ച ശക്തിയോടെ മഴ പെയ്യുമെന്നുമാണ് പ്രവചനം.
ശനിയാഴ്ച പെയ്ത മഴ ദില്ലിയിലെ വായുമലിനീകരണത്തിലും കുറവുണ്ടാക്കി. എന്നാല്‍ പടിഞ്ഞാറ് നിന്നുള്ള കാറ്റിന്റെ പ്രഭാവം അവസാനിക്കുന്നതോടെ മഴ കുറയുകയും താപനില വീണ്ടും ഉയരുകയും ചെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. പകല്‍ സമയങ്ങളിലെ താപനില മാര്‍ച്ച് 22ഓടെ 30 ഡിഗ്രി സെല്‍ഷ്യസാവുമെന്നും ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here