സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.
കൊല്ലത്ത് മരച്ചില്ലവീണ് പരുക്കേറ്റ് ഇഞ്ചക്കാട് മംഗലത്തുവീട്ടിൽ ലളിതകുമാരി (65) മരിച്ചു. കൊട്ടാരക്കരയിൽ നൂറിലധികം വീടുകൾ ഭാഗികമായി തകർന്നു. അടൂരിൽ മരംവീണ് സ്കൂട്ടർ യാത്രക്കാരനും ജീവൻ നഷ്ടമായി. നെല്ലിമുകൾ സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്. സ്കൂട്ടറിൽ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു.
അതേസമയം മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽമഴയിൽ ഇക്കുറി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത്, ഇക്കുറി 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇടിമിന്നൽ–ജാഗ്രതാ നിർദ്ദേശങ്ങൾ
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
- കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
- മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
- പട്ടം പറത്തുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here