രാജാ രവിവര്‍മ്മ പുരസ്കാരം പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക്

ചിത്രകലാ രംഗത്ത്‌ സമഗ്രമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. 2022 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായരാണ് പുരസ്കാരത്തിന് അര്‍ഹനായത്. ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.

Also Read: കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട്‌ ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും ചിത്രകലാകാരായ നീലിമ ഷെയ്ഖ്, ഷിബു നടേശന്‍, കെ.എം മധുസൂദനന്‍, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദൃശ്യകലയിലെ മികവ്, സ്ഥിരതയാർന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തർദ്ദേശീയമായും അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി.

Also Read: ‘രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു’: ബൃന്ദ കാരാട്ട്

1986 മുതൽ ഇപ്പോൾ 2023 വരെ അദ്ദേഹം പതിനേഴോളം ഏകാംഗ പ്രദർശനങ്ങളിലും എൺപത്തഞ്ചോളം സംഘ പ്രദർശനങ്ങളിലും 16 ആർട്ട് ഫെയറുകളിലും പങ്കെടുത്തിട്ടുണ്ട്. ലോകത്തുള്ള നിരവധി സ്വകാര്യ ശേഖരങ്ങളിൽ സുരേന്ദ്രൻ നായരുടെ ചിത്രങ്ങളുണ്ട്. ജപ്പാനിലെ ഫുക്കുവോക്ക ആർട്ട് മ്യൂസിയം, ആസ്ട്രേലിയയിലെ ക്യൂൻസ് ലാന്റ് ആർട്ട് ഗ്യാലറി, നാഷണൽ ഗ്യാലറി ഓഫ് ആസ്ട്രേലിയ, ന്യൂഡൽഹിയിലെ കിരൺ നാടാർ മ്യൂസിയം, ഡൽഹിയിലെ തന്നെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് എന്നിവിടങ്ങളിലെ കലാശേഖരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. ചിത്രകാരിയും പാർട്‌ണറുമായ രേഖ റോഡ്‌വിദ്യയോടൊപ്പം വഡോദരയിൽ താമസിച്ചാണ് അദ്ദേഹം തന്റെ കലാസപര്യ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News