രാജസ്ഥാനില്‍ തുടര്‍ ഭരണം ലക്ഷ്യമിട്ട് ഏഴ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. 500 രൂപയ്ക്ക് പാചകവാതകം, പെന്‍ഷന്‍ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ടോപ് അടക്കമുളള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇഡിയെ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു.
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോള്‍, ജനങ്ങളിലേക്ക് മോഹനവാഗ്ദാനങ്ങളുമായി ഇറങ്ങിച്ചെല്ലുകയാണ് കോണ്‍ഗ്രസ്. തുടര്‍ഭരണം ലഭിച്ചാല്‍ നടപ്പാക്കാന്‍ പോകുന്ന ഏഴ് വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. ഒരു കോടി നാല് ലക്ഷം കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് പാചകവാതക സിലണ്ടര്‍, കുടുംബനാഥകള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയത്തില്‍ സൗജന്യ വിദ്യാഭ്യാസം, പ്രകൃതി ദുരന്തത്തിന് ഇരകളാകുന്നവര്‍ക്ക് 15 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ കോളേജുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുമെന്നും ക്ഷീരകര്‍ഷകരില്‍ നിന്നും ഒരു കിലോ ചാണകത്തിന് 2 രൂപ നിരക്കില്‍ സംഭരിച്ചു ജൈവോല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. ജയ്പുരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇഡിയെ ഉപയോഗിച്ചുളള കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.
Also Read : കോണ്‍ഗ്രസില്‍ തമ്മിലടി; തുറന്ന് സമ്മതിച്ച് കെ സുധാകരന്‍, തള്ളാതെയും കൊള്ളാതെയും സതീശന്‍
മിഷന്‍ 2030 എന്ന പേരില്‍ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗെലോട്ട് സംസ്ഥാനത്താകമാനം മഹാറാലികള്‍ സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രകടന പത്രികയ്ക്ക് മുമ്പായി ഏഴ് സുപ്രധാന വാഗ്ദാനങ്ങള്‍ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചരണം സജീവമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here