സർക്കാർ കോളേജുകളിലെ ഗേറ്റുകള്‍ കാവിനിറമാക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ ബിജെപി സർക്കാർ. കോളേജുകളില്‍ എത്തുന്ന വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും ‘പോസിറ്റീവ്’ ഊർജം നിറയ്ക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്.
‘പ്രവേശിക്കുമ്പോൾ തന്നെ വിദ്യാർത്ഥികള്‍ക്ക് പോസിറ്റീവായി തോന്നുന്ന തരത്തിലാവണം കോളേജുകള്‍. അന്തരീക്ഷത്തെക്കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുമെല്ലാം നല്ല സന്ദേശം സമൂഹത്തിന് കൈമാറണം. അതിനാല്‍ കോളേജുകളെ അത്തരത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്’ കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ പത്തു ഡിവിഷനുകളിലെ ഇരുപതുകോളേജുകളിലാണ് ആദ്യഘട്ടത്തില്‍ കാവി പെയിന്‍റടിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമാണെങ്കിൽ മറ്റുളള കോളേജുകളിലേക്കും വ്യാപിപ്പിക്കും. പെയിന്റിംഗ് പൂർത്തിയായശേഷം ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുക്കുകയും വേണം. കാവി നിറം പോസിറ്റീവ് എനർജി നല്‍കുമെന്ന് ‘പഠനത്തില്‍’ വ്യക്തമായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, പദ്ധതിക്കെതിരെ ശക്തമായ വിമർശിനവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കാവിവത്കരണം എന്നാണ് സർക്കാർ നീക്കത്തെ കോൺഗ്രസ് വക്താവ് വിശേഷിപ്പിപ്പിച്ചത്. ‘സംസ്ഥാനത്ത് ആയിരക്കണക്കിന് ലക്ചറർ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചിലയിടങ്ങളില്‍ കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോ, കെട്ടിടങ്ങളോ ഇല്ല. ഇങ്ങനെയുള്ള അവസ്ഥയിൽ ഗേറ്റുമാത്രം ചായം പൂശിയതുകൊണ്ട് എന്തു പ്രയോജനം’ എന്ന് എൻ എസ് യു സംസ്ഥാന പ്രസിഡന്‍റ് വിനോദ് ജാഖർ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here