സഞ്ജുവിന്റെയും സംഘത്തിന്റെയും ഭാവി എന്ത്?  പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങി രാജസ്ഥാന്‍

ഐപിഎല്ലില്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതാണ് രാജസ്ഥാന്റെ നില പരുങ്ങലിലാക്കിയത്. നിര്‍ണ്ണായകമായ മത്സരത്തില്‍ 112 റണ്‍സിന്റെ മികച്ച വിജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 10.3 ഓവറില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയിന്‍ പാര്‍ണലാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല് തകര്‍ത്തത്. മിച്ചല്‍ ബ്രേസ്വെല്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ് വെല്‍ ഓരോ വിക്കറ്റ് വീതവും നേടി. ഷിമോണ്‍ ഹെറ്റ്‌മെയര്‍ (35), ജോ റൂട്ട് എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്നത്

ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തു. 44 പന്തില്‍ 55 റണ്‍സ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഡ്യൂപ്ലസി, 33 പന്തില്‍ 54 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ് വെല്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി. ആദം സാംബ, കെ.എം.ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.

ഈ മത്സരത്തില്‍ പരാജപ്പെട്ടതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. ഇനി ടീം പ്ലേ ഓഫില്‍ എത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 13 കളികളില്‍ 12 പോയിന്റുമായി ലീഗ് ടേബിളില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. 12 കളികളില്‍ നിന്നും 12 പോയന്റുമായി ബാംഗ്ലൂര്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 57 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ടീമും ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. 12 മത്സരങ്ങളില്‍ നിന്നും 16 പോയന്റുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍ നിന്നും 15 പോയന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്. 12 കളികളില്‍ നിന്നും 14 പോയന്റുള്ള മുംബൈയും 12 കളികളില്‍ നിന്നും 13 പോയന്റുമായി ലഖ്‌നൗവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News