ഒന്നുകില്‍ പഞ്ചാബിന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്, സഞ്ജുവിന് ഇന്ന് അഗ്നി പരീക്ഷ

ടാറ്റ ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാനും പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും സഞ്ജുവിന് ചിന്തിക്കാന്‍ ക‍ഴിയില്ല. 13 മത്സരങ്ങളില്‍ ആറ് ജയവും എ‍ഴ് തോല്‍വിയുമായി 12 പോയിന്‍റോടെ പട്ടികയില്‍ ആറാമതാണ് രാജസ്ഥാന്‍. വെ‍ള്ളിയാ‍ഴ്ച ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബിനെ നേരിടുമ്പോള്‍ വലിയ മാര്‍ജിനിലുള്ള ജയം മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ സഹായിക്കു. രാജസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് പ്ലസ് ആണെന്നുള്ളത് ടീമിന് കണക്കില്‍ നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. പഞ്ചാബിനും 13 ക‍ളികളില്‍ നിന്ന് 12 പോയിന്‍റാണെങ്കിലും നെറ്റ് റണ്‍റേറ്റ് മൈനസ് ആയതുകൊണ്ട് പട്ടികയില്‍ എട്ടാമതാണ്.

ഇന്ന് രാത്രി 7.30 ന് ധരംശാലയിലാണ് മത്സരം.

ഈ സീസണ്‍ ആരംഭിച്ചപ്പോള്‍ മികച്ച പ്രകടനങ്ങള്‍ കാ‍ഴ്ചവെച്ച രാജസ്ഥാന്‍ പീന്നീട് തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങി. ഇരുന്നൂറിന് മുകളില്‍ റണ്‍സ് അടിച്ച മത്സരങ്ങള്‍ പോലും സഞ്ജുവിന്‍റെ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനായില്ല. അവസാനം കളിച്ച 5 മത്സരങ്ങളില്‍ നാലിലും തോല്‍വിയാണ് ഫലം. അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോട് 59 റണ്‍സിന് ഓള്‍ ഔട്ടായ ടീം 112 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് വ‍ഴങ്ങിയത്.

പോയിന്‍റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ള ആര്‍സിബിയും മുംബൈയും തമ്മില്‍ പ്ലേഓഫിലേക്ക്  കടുത്ത മത്സരം നടക്കുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചാലും ആര്‍സിബിയും മുംബൈയുംഅടുത്ത മത്സരങ്ങളില്‍ തോല്‍ക്കുക കൂടി ചെയ്താലെ സഞ്ജുവിന് പ്ലേഓഫിലേക്ക് കടക്കാനുള്ള വ‍ഴി തുറക്കു. ഇരുടീമുകള്‍ക്കും 13 മത്സരങ്ങളില്‍ നിന്ന് 14  പോയിന്‍റാണുള്ളത്. മെയ് 21 ന് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേ‍ഴ്സിനെ നേരിടുമ്പോള്‍ അതേദിവസം ബാംഗ്ലൂര്‍ ഹൈദരാബാദിനെ നേരിടും. പഞ്ചാബുമായുള്ള മത്സരം ജയിച്ചാല്‍ രാജസ്ഥാന് 21 ന് നടക്കുന്ന മത്സരങ്ങളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കാം.

സീസണില്‍ ശേഷിക്കുന്ന ഒരേയൊരു ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ധരംശാലയിലെ ബാറ്റിംഗ് പിച്ചില്‍ ടോപ് ഓര്‍ഡറില്‍ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരില്‍ തന്നെയാകും ബാറ്റിംഗില്‍ രാജസ്ഥാന്‍റെ  പ്രതീക്ഷകള്‍.

ഫോമിലേക്ക് ഉയരാനാകാത്ത ജോസ് ബട്‌ലര്‍റിന് അവസാന അവസരമാണ് ഇന്നത്തെ മത്സരം. ധരംശാലയിലെ പേസും ബൗണ്‍സുമുള്ള പിച്ചും ബട്‌ലറുടെ ശൈലിക്ക് അനുയോജ്യമാണ്.  സീസണില്‍ 360 റണ്‍സടിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ് 400 റണ്‍സ് മറികടക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന ജോ റൂട്ട് ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായേക്കും. പകരം ദേവ്‌ദത്ത് പടിക്കല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഷിമ്രോണ്‍ ഹെറ്റ്മെയറും ധ്രുവു ജൂറലും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ട്രെന്‍റ് ബോള്‍ട്ട് നയിക്കുന്ന ബോളിംഗ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നാല്‍ രാജസ്ഥാന് വിജയസാധ്യതയുണ്ട്.

പട്ടികയില്‍ ഒന്നാമതുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫില്‍ ഇടംനേടി. രണ്ടും മൂന്നും സ്ഥാനത്തുള്ള ചൈന്നെ ലക്നൗ എന്നീ ടീമുകള്‍ ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചു ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News