സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് സഞ്ജുവിന്റെ ടീമിന് തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ വിജയവുമായി സഞ്ജുവിനും കൂട്ടര്‍ക്കും അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ 72 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 204 റണ്‍സിന്റെ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്‌സിന് മുന്നില്‍ ഉയര്‍ത്തിയത്.

എന്നാല്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനെ സണ്‍റൈസേഴ്‌സിന് കഴിഞ്ഞുള്ളു. ആദ്യ ഓവറില്‍ തന്നെ റണ്‍സൊന്നും നേടുന്നതിന് മുമ്പായി സണ്‍റൈസേഴ്‌സിന്റെ 2 വിക്കറ്റ് പിഴുത ട്രെന്റ് ബോള്‍ട്ടാണ് സണ്‍റൈസേഴ്‌സിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

പിന്നീട് സണ്‍റൈസേഴ്‌സിന് ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. യൂസവേന്ദ്ര ചഹലാണ് സണ്‍റൈസേഴ്‌സിന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. അശ്വിന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 32 റണ്‍സ് നേടിയ അബ്ദുള്‍ സമദും 18 റണ്‍സ് നേടിയ റാഷിദ് ഖാനും മധ്യനിരയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ നോക്കിയെങ്കിലും സഞ്ജുവിന്റെ തകര്‍പ്പന്‍ സ്റ്റംമ്പിങ്ങില്‍ റാഷിദ് ഖാന്‍ പുറത്താവുകയായിരുന്നു. ഇവര്‍ക്ക് പുറമെ മായങ്ക് അഗര്‍വാളിനും ഉമ്രാന്‍ മാലിക്കിനും മാത്രമാണ് ഹൈദരാബാദിനായി തിളങ്ങാനായത്. മായങ്ക് 27 റണ്‍സ് നേടിയപ്പോള്‍ ഉമ്രാന്‍ 19 റണ്‍സാണ് ഹൈദരാബാദിനായി നേടിയത്.

ടോസ് നേടിയ സണ്‍റൈസേഴ്സ് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ഓപ്പണിംഗിനിറങ്ങിയ ജസ്വാളും ജോസ് ബട്ലറും സണ്‍റൈസേഴ്സ് ബൗളിംഗ് നിരയെ തുടക്കം മുതല്‍ കടന്നാക്രമിച്ചു. ആറാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ബട്ലര്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 85 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 22 പന്തില്‍ 7 ഫോറും 3 സ്‌കസറുമടക്കം 54 റണ്‍സ് നേടിയായിരുന്നു ബട്ലറുടെ മടക്കം.

ഫസ്റ്റ് ഡൗണായി ബാറ്റിംഗിനെത്തിയ സഞ്ജു സാംസണും തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. പതിമൂന്നാം ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെ ജസ്വാളിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. 37 പന്തില്‍ 9 ബൗണ്ടറികളുടെ സഹായത്തോടെ 54 റണ്‍സ് നേടിയാണ് ജസ്വാള്‍ പുറത്തായത്. തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കലിന് പക്ഷെ നിലയുറപ്പിക്കാനായില്ല. പതിനഞ്ചാമത്തെ ഓവറില്‍ 2 റണ്‍സ് മാത്രം നേടി പടിക്കലും മടങ്ങി. പിന്നീടെത്തിയ റയാന്‍ പരാഗിനും പിടിച്ചു നില്‍ക്കാനായില്ല. പതിനേഴാമത്തെ ഓവറില്‍ പരാഗും മടങ്ങി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും റണ്‍നിരക്ക് കുറയാതെ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ സഞ്ജു അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഹിറ്റ്മെയറും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് കൂറ്റന്‍ അടിക്ക് മുതിര്‍ന്ന സഞ്ജു ബൗണ്ടറി ലൈനില്‍ വച്ച് ഫസലുള്ള ഫറൂഖിയുടെ അതിമനോഹരമായ ഒരു ക്യാച്ചിലൂടെ പുറത്താകുന്നത്. 32 പന്തില്‍ 3 ബൗണ്ടറിയുടെയും 4 സിക്സറുകളുടെ പിന്‍ബലത്തില്‍ 55 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ്സ്‌കോറര്‍ ആയിട്ടായിരുന്നു പത്തൊമ്പതാമത്തെ ഓവറില്‍ സഞ്ജുവിന്റെ മടക്കം. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ അടികളിലൂടെ ഹിറ്റ്മെയറാണ് രാജസ്ഥാന്റെ ടോട്ടല്‍ 200 കടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News