വിദ്വേഷ പ്രചാരണം നടത്തിയ രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണം: എം ബി രാജേഷ്

കളമശ്ശേരി സ്‌ഫോടനത്തിന്‍റെ പേരിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം ബി രാജേഷ്‌. നിരുത്തരവാദപരമായ പ്രസ്‌താവനയാണ്‌ ബിജെപി നേതാവ്‌ നടത്തിയതെന്നും കേരളത്തോട്‌ മാപ്പ്‌ പറയാൻ തയ്യാറാകണമെന്നും എം ബി രാജേഷ്‌ ഫേസ്ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

“സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന്   മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള  അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം  പ്രചാരണം നടത്തിയത്. സംസ്ഥാന ബിജെപി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു’ – മന്ത്രി പറഞ്ഞു.

ALSO READ: ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

എം ബി രാജേഷിന്റെ കുറിപ്പ്‌ പൂർണരൂപം:

ഇന്നലെ എന്തൊരു ദിവസമായിരുന്നു!

രാവിലെ കൊച്ചിക്കടുത്ത് കളമശ്ശേരിയിൽ ഒരു ബോംബ്  സ്ഫോടനം നടന്നുവെന്ന ഞെട്ടിക്കുന്ന  വാർത്തയാണ് രാവിലെ കേട്ടത്. കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് സംസ്ഥാനമാകെ പരിഭ്രാന്തിയിൽ മുങ്ങി. ഉടൻതന്നെ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും  നൽകി. കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും കർശനമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. ഡി ജി പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി. ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്നയാൾ, താനാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് അവകാശപ്പെട്ട്  പൊലീസിന് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയും ചില തെളിവുകൾ കൈമാറുകയും ചെയ്‌തു. അതേസമയം ഒരു പ്രത്യേക സമുദായത്തിനും എൽഡിഎഫ് സർക്കാരിനുമെതിരെയും സംസ്ഥാനത്തെയാകെയും  അപകീർത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചാരണം ചിലർ അഴിച്ചുവിട്ടു.

സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന്   മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല,  കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ്  (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള  അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം  പ്രചാരണം നടത്തിയത്. സംസ്ഥാന ബി ജെ പി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു. എന്നാൽ മേൽപറഞ്ഞ അപവാദങ്ങൾ ഒഴികെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളാകെയും മാധ്യമങ്ങളിൽ വലിയൊരു വിഭാഗവും അഭിനന്ദനീയമായ പക്വതയും സന്ദർഭത്തിന് അനുയോജ്യമായ മിതത്വവും  പാലിച്ചു. അപവാദപ്രചാരകർ തീർത്തും ഒറ്റപ്പെടുകയും ചെയ്‌തു.  പോലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ജനങ്ങൾ മാതൃകാപരമായ  വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. മലയാള മാധ്യമങ്ങളിൽ ഭൂരിപക്ഷവും വർഗീയ ശക്തികൾക്കും  സമൂഹവിരുദ്ധർക്കും വിദ്വേഷ പ്രചാരണത്തിന് ഇടയാക്കാതെ  അവരുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകൾ  അടച്ചു.

കേരളം സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും നാടാണ്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച   സന്ദർഭമായി ആ ദിവസം മാറി. ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനെ പിന്നിൽ നിന്ന് കുത്താൻ  ശ്രമിക്കുന്നവരാരെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് അവസരം കിട്ടി. സ്‌ഫോടനത്തിൽ ഉണ്ടായ ജീവനഷ്‌ടത്തിൽ  അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ് ഇന്നലെ വൈകുന്നേരമാകുമ്പോഴേക്കും ഉണ്ടായത്.

കേരളമേ നന്ദി!

മലയാളിയും കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറോട്, ഇന്ന് നടത്തിയ വിശദീകരണത്തിനു ശേഷവും, ചോദിക്കാനുള്ള ചോദ്യം ഇതാണ്. തന്റെ നിരുത്തരവാദപരമായ പ്രസ്‌താവനയിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതിൽ  താങ്കൾ കേരള ജനതയോട് മാപ്പ് പറയുമോ?.

ALSO READ: 7.30 ന് കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തി, ബോംബുകള്‍ കസേരകള്‍ക്കിടയില്‍ വെച്ചു; പ്രതിയുടെ മൊഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News