പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.രാജേന്ദ്രൻ നായരുടെ ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. കണ്ടെത്തിയ കത്ത് പൊലീസിന് കൈമാറി. കത്തിൽ തന്റെ മരണത്തിന് ഉത്തരവാദികളായ സജീവൻ കൊല്ലപ്പള്ളി, കോൺഗ്രസ് നേതാവ് കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്.
താൻ ബാങ്കിൽ നിന്നും ലോണെടുത്തത് 70,000 രൂപ മാത്രമാണെന്നും ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശമുണ്ട്. അതേസമയം, കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കെ കെ എബ്രഹാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി. കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് അഞ്ചിടങ്ങളിൽ പരിശോധനക്കെത്തിയത്.
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ നാല് മാസം മുൻപാണ് ഇഡി കേസെടുത്തത്. അന്വേഷണത്തിന് മുന്നോടിയായി കള്ളപ്പണ നിരോധന നിയമപ്രകാരം ബാങ്ക് സെക്രട്ടറിക്ക് നോട്ടീസും അയച്ചു.മുൻ ബാങ്ക് പ്രസിഡൻ്റ് കെ.കെ എബ്രഹാം, സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ബാങ്കിൽ നിന്ന് വായ്പാ ഇടപാടുകൾ,ആക്ഷേപമുയർന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. 2018 ലാണ് സഹകരണ വകുപ്പ് ഓഡിറ്റിൽ 8 കോടി 30 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കണ്ടെത്തിയത്. ഈ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ഹൈക്കോടതിയിലാണ്.
ഇതിനിടെ സംഭവത്തിൽ വിജിലൻസ് അന്വേഷണവും നടന്നിരുന്നു.കഴിഞ്ഞ ദിവസമാണ് തലശ്ശേരി വിജിലൻസ് കോടതിയിൽ കെ കെ എബ്രഹാം ഒന്നാം പ്രതിയും ബാങ്ക് ഡയറക്ടർമ്മാർ ഉൾപ്പെടുന്ന ഒൻപത് പ്രതികളുമുള്ള കുറ്റപത്രം വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ചത്.
കർഷകൻ്റെ ആത്മഹത്യയിലും വായ്പ തട്ടിപ്പിലും പുൽപ്പള്ളി പൊലീസെടുത്ത കേസിൽ കെ.കെ എബ്രഹാമും രമാദേവിയും റിമാൻഡിലാണ്. പ്രതി സജീവൻ കൊല്ലപ്പള്ളി ഒളിവിലാണ്. ജയിലിലായതോടെ കെ.കെ എബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.
Also Read: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here