തനിക്കും അമിതാഭിനും ഷാരൂഖിനും കഴിയാത്ത പലതും ബാലയ്യക്ക് കഴിയും; ബാലകൃഷ്ണയെ പുകഴ്ത്തി രജനികാന്ത്

ദക്ഷിണേന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് തമിഴ് നടൻ രജനികാന്തും തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയും. എന്നാൽ ഇപ്പോൾ ബാലകൃഷ്ണയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് രജനി. താനുൾപ്പെടെയുള്ള നടന്മാർക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ബാലകൃഷ്ണ സിനിമയിൽ ചെയ്യുമ്പോൾ വിശ്വാസ്യത വരുന്നുവെന്നാണ് രജനി പറഞ്ഞു. അതിന് കാരണം എൻടിആറിനെയാണ് അവർ ബാലയ്യയിൽ കാണുന്നത്. അദ്ദേഹം വളരെ ദയാലുവായ വ്യക്തിയായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു.

തന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒന്നു കണ്ണുചിമ്മിയാൽ വാഹനങ്ങൾ പൊട്ടിത്തെറിക്കും, മുപ്പതടി ഉയരത്തിൽ പറക്കും. രജിനികാന്തിനോ അമിതാഭ് ബച്ചനോ ഷാരൂഖിനോ എന്തിന് സൽമാൻ ഖാനുപോലും ഇത് ചെയ്യാൻ പറ്റില്ല. കാരണം ഞങ്ങളേപ്പോലുള്ളവർ അങ്ങനെ ചെയ്താൽ പ്രേക്ഷകർ വിശ്വസിക്കില്ലെന്നും രജിനികാന്ത് പറഞ്ഞു.

ബാലകൃഷ്ണയുടെ പിതാവും നടനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ എൻടി രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷ ചടങ്ങിലാണ് രജനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തേ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹൈദരാബാദിലെത്തിയ രജനിയെ സ്വീകരിക്കുന്ന ബാലകൃഷ്ണയുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അതേസമയം, പുതിയ സിനിമകളുടെ തിരക്കുകളിലാണ് ഇരുതാരങ്ങളും. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറാണ് രജിനി നായകനായെത്തുന്ന പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. എൻബികെ 108 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലകൃഷ്ണയുടേതായി വരാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration