അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യത്തില്‍ എതിര്‍പ്പുമായി ആള്‍ ഇന്ത്യ ലോയെര്‍സ് യൂണിയന്‍. അവധി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവെ ചന്ദ്രചൂഡിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കത്തയച്ചിരുന്നു. സാംസ്‌കാരികവും മതപരവുമായി പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ബിസിഐ ചെയര്‍പേഴ്സണ്‍ മന്നന്‍ കുമാര്‍ മിശ്ര ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്ന മറ്റ് അനുബന്ധ പരിപാടികളിലും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും പങ്കെടുക്കേണ്ടതിനാല്‍ അവധി നല്‍കണമെന്ന് കത്തില്‍ പറയുന്നു. ജനുവരി 22 ന് അടിയന്തര വാദം കേള്‍ക്കേണ്ട കേസുകള്‍ പുനഃക്രമീകരിക്കുകയോ അടുത്ത ദിവസം പരിഗണിക്കുകയോ ചെയ്യാം. കത്ത് സഹാനുഭൂതിയോടെ പരിഗണിക്കണമെന്നുമാണ് ബിസിഐയുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യത്തിനെതിരെ രംഗത്ത് വന്ന ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതപരമായ ചടങ്ങാണെന്ന് ചൂണ്ടിക്കാട്ടുന്നു. ജ്യൂഡീഷറി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാകരുതെന്നും എഐഎല്‍യു കത്തില്‍ പറയുന്നു. കോടതികള്‍ക്ക് അവധി നല്‍കണമെന്നാവശ്യപ്പെട്ട് ബിസിഐ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് പിന്‍വലിക്കണമെന്നും എഐഎല്‍യു ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here