ഇന്ന് ലോക മാനസികാരോഗ്യ ദിനം, തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നം; രമേശ് ചെന്നിത്തല

ജീവിതത്തിൻ്റെ അസാധാരണമായ സങ്കീർണതകളിലൂടെ കടന്നുപോകുമ്പോൾ തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നമെന്ന് രമേശ് ചെന്നിത്തല. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രമേശ് ചെന്നിത്തല ഇന്നത്തെ യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഇന്ന് ലോക മാനസികാരോഗ്യ ദിനം!

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യദിനത്തിൻ്റെ പ്രധാന സന്ദേശം. ചില തൊഴിലിടങ്ങളെങ്കിലും ആത്മഹത്യാസങ്കേതങ്ങളും മരണവഴികളും ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജോലിസ്ഥലങ്ങള്‍ ആനന്ദത്തിൻ്റെ കൂടി ഇടങ്ങളാക്കി മാറ്റുകയെന്നത് പ്രധാനമാണ്. പിരിമുറുക്കമില്ലാത്ത ജീവിതം നമ്മുടെ കുഞ്ഞുങ്ങളുടെ അവകാശമാണ്. അസാധാരണമായ മത്സരത്തിൻ്റെ ലോകത്താണ് നമ്മുടെ പുതുതലമുറ ജീവിക്കുന്നത്. ഒരു ട്രെഡ്മില്ലില്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കാന്‍ ഓടിക്കൊണ്ടിരിക്കണം എന്നതുപോലെ അവസ്ഥ. മുന്നിലെത്തണമെങ്കില്‍, അടുത്ത പടിയിലെത്തണമെങ്കില്‍ ചെറിയ അധ്വാനം പോരാ. അതിവേഗത്തില്‍ മുന്നോട്ടു പോകുന്ന മനുഷ്യരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം നല്‍കുന്ന വ്യാജമായ ‘ഗുഡ് ലൈഫ് വൈബ്’ൻ്റെ ഇരകളായി പോകുന്നവരുമാണ് ചുറ്റും.

ALSO READ: വയനാടിന് കേന്ദ്ര സഹായം, പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെവി തോമസ്

താരതമ്യം എന്നത് ഒരു വലിയ പ്രതിസന്ധിയായി മാറുകയാണ്. ജീവിതത്തിൻ്റെ ഈ അസാധാരണ സങ്കീര്‍ണതകളിലൂടെ കടന്നു പോകുമ്പോള്‍ തങ്ങളെ കേള്‍ക്കാന്‍ ഒരാളില്ലാത്തതാണ് പുതിയ തലമുറയുടെ പ്രശ്‌നം. അവരുമായി കണക്ട് ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് പലപ്പോഴും അസാധ്യമാകുന്നു. ചെറുപ്പക്കാര്‍ പലപ്പോഴും ‘യോ യോ’ ആയി തോന്നിയേക്കാം. പക്ഷേ യഥാര്‍ഥത്തില്‍ അങ്ങിനെയല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ചെറുപ്പക്കാരുടെ ഭാഷയും പ്രതിസന്ധികളും മനസിലാകുന്നില്ല. അവരെ ശാന്തമായി കേള്‍ക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ ഒരു പക്ഷേ ചെറുപ്പക്കാര്‍ കുറേക്കൂടി മാനസികമായി ധീരരായേക്കും. അമിതമായ ഉത്കണ്ഠ, വിഷാദം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് അവര്‍ക്ക് നിഷ്പ്രയാസം പുറത്തു കടക്കാന്‍ സാധിക്കും. തൊഴിലിടങ്ങളിലും വീടുകളിലും ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഇത്തിരിയിടം തുറന്നു വെക്കുക എന്നത് പ്രധാനമാണ്. നമുക്കത് വീടുകളില്‍ തുടങ്ങാം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും അവരെ കേള്‍ക്കാന്‍ സംവിധാനങ്ങളുണ്ട് എന്നുറപ്പു വരുത്താം. മത്സരത്തിൻ്റെ ലോകത്തില്‍ സ്വയം നഷ്ടപ്പെട്ടു പോകുന്നവരെയല്ല നമുക്ക് വേണ്ടത്. കണ്ണുകളില്‍ ആനന്ദം നിറച്ച മക്കളെയാണ്.
എല്ലാവരും സന്തോഷമായിരിക്കട്ടെ!- രമേശ് ചെന്നിത്തല തൻ്റെ കുറിപ്പ് അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News