രാജ്യമെമ്പാടും സംഘപരിവാറിനെ വിട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തിയിട്ട് ദില്ലിയിൽ ക്രിസ്മസ് ആഘോഷിച്ച മോദി ഇരട്ടത്താപ്പിൻ്റെ മികച്ച ഉദാഹരണം; രമേശ് ചെന്നിത്തല

RAMESH CHENNITHALA

സംഘപരിവാര്‍ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ കലക്കുകയും ക്രിസ്ത്യന്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് ദില്ലിയിൽ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇരട്ടത്താപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ക്രൈസ്തവര്‍ മോദിക്കും സംഘപരിവാര്‍ സംഘത്തിനും മാപ്പ് നല്‍കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൻ്റെ മതസൗഹാര്‍ദ അന്തരീക്ഷത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ പാലക്കാട് ജില്ലയില്‍ അരങ്ങേറിയത് സംഘപരിവാര്‍ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്. ജില്ലയിലെ രണ്ടു പ്രൈമറി സ്‌കൂളുകളില്‍ കുരുന്നു കുട്ടികള്‍ ക്രിസ്മസിനു വേണ്ടി തയാറാക്കിയ പുല്‍ക്കൂടുകള്‍ തല്ലിത്തകര്‍ത്ത് പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു പേടിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: പാലക്കാട്ടെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷ ആക്രമണങ്ങളിൽ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലെ പുല്‍ക്കൂടാണ് അടിച്ചു തകര്‍ത്തത്. അതിനു മുന്‍പ് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെയും അക്രമമുണ്ടായി. പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളുമടങ്ങിയ സംഘത്തെ ഭഷീണിപ്പെടുത്തി മടക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ വിശ്വഹിന്ദു പരിഷത്ത്, സംഘപരിവാര്‍ സംഘങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമാകാം സംഘപരിവാര്‍ സംഘത്തെ പ്രകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരില്‍ മതസൗഹാര്‍ദം അട്ടിമറിക്കാനോ നാട്ടിലെ ക്രമസമാധാന നില അപായപ്പെടുത്താനോ ആരെയും അനുവദിച്ചു കൂടെന്നും ഇക്കാര്യത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ക്രിസ്മസിൻ്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ്. വിശ്വസമാധാനത്തിൻ്റെ പ്രതീകമായാണ് ക്രിസ്മസിനെ പൊതുവേ കാണുന്നത്. എന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ പൊതുവില്‍ ആശങ്കയുടെയും ഭീഷണിയുടെയും നടുവിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിസ്മസ് ശോകമൂകമാണ്. രക്തരൂഷിതമാണ്- രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: ക്രിസ്തീയ സഭകള്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക; സഭയ്ക്ക് എല്ലാ നേതാക്കളോടും സമദൂരമെന്നും കാതോലിക്ക ബാവ

അധികാരമേറ്റ ശേഷം ആഴ്ചയിലൊരിക്കലെന്ന കണക്കില്‍ വിദേശ യാത്ര നടത്തുന്ന നരേന്ദ്ര മോദി, സ്വന്തം രാജ്യത്തിനകത്ത് വിദേശശക്തികളുടെ സഹായത്തോടെ നടക്കുന്ന തീവ്രവാദയുദ്ധവും വംശഹത്യയും അവസാനിപ്പിക്കാന്‍ സമയം കണ്ടെത്താത്തത് നിരാശാജനകവും കുറ്റകരവുമാണ്. കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലും ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുകയും മണിപ്പൂരിലെ ക്രൈസ്തവരെ എരിതീയിലേക്കെറിഞ്ഞു കൊടുക്കുകയും ചെയ്തിട്ട് ദില്ലിയിലിരുന്ന് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും രാജ്യത്തെ ക്രൈസ്തവര്‍ അതിന് അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും രമേശ് ചെന്നിത്തല തൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News