‘കേന്ദ്രനിയമത്തിലെ ഭേദഗതി ഉടൻ വേണം’; കടുവാ ആക്രമണങ്ങളിൽ റാന്നി എംഎൽ പ്രമോദ് നാരായൺ

മലയോരമേഖലകളിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രനിയമത്തിൽ ഭേദഗതി അത്യാവശ്യമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പത്തനംതിട്ട വടശ്ശേരിയിൽ കടുവയിറങ്ങിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു എംഎൽഎയുടെ പ്രതികരണം.

റാന്നിയിൽ നടക്കുന്ന അദാലത്തുമായി ബന്ധപ്പെട്ട് കൈരളി ന്യൂസുമായി സംസാരിക്കുമ്പോളായിരുന്നു എംഎൽഎയുടെ പ്രതികരണം. വന്യമൃഗശല്യം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ 1972ലെ വനം വന്യജീവി നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയാലേ പൂർണ്ണമായ ഒരു പരിഹാരം ഈ വിഷയത്തിൽ കാണാൻ സാധിക്കുകയുള്ളൂ. കയ്യേറ്റങ്ങളും വേട്ടയാടലും ഇല്ലാതെത്തന്നെ മൃഗങ്ങളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും വിദേശരാജ്യങ്ങളിൽ ചെയ്യുന്നതുപോലെ പ്രജനനനിരക്ക് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ALSO READ : ഭക്ഷണം കഴിച്ചിട്ടില്ല, ഇപ്പോഴും പടിവാതിൽക്കൽ കാത്തിരിക്കുകയാണ് സൂസി; രഞ്ജിത്തിനെയും കാത്ത്

വന്യമൃഗശല്യം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന വിവിധ പദ്ധതികളും എംഎൽഎ വിശദീകരിച്ചു. കേരളത്തിൽ മൊത്തമായി അവലംബിക്കേണ്ട ഒരു രീതിയല്ല റാന്നിയിൽ വേണ്ടതെന്നും മേഖല തിരിച്ചുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. കിടങ്ങുകളും പ്രത്യേക കോറിഡോറുകളും തയ്യാറാക്കുന്നുണ്ട്. പലയിടങ്ങളിലും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേനയുള്ള പ്രവർത്തനങ്ങളും തെർമൽ ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള പ്രതിരോധ രീതികളും അവലംബിക്കുമെന്നും എംഎൽഎ വിശദീകരിച്ചു.

അതേസമയം, പത്തനംതിട്ട വടശേരിക്കരയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡിൽ കടുവ ഇറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനിൽക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡിൽ വെച്ച് കടുവയെ കണ്ടതായി പരിസരവാസിയായ ശശി പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ മാർച്ചോടെയാണു പെരുനാട് പഞ്ചായത്തിലെ ബഥനിക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News