സഞ്ജു ക്യാപ്റ്റനെന്ന നിലയിൽ പക്വത നേടി, രാജസ്ഥാൻ നായകനെ പുകഴ്ത്തിയും ജേതാക്കളെ പ്രവചിച്ചും രവി ശാസ്ത്രി

ഐപിഎൽ പതിനാറാം സീസണിൽ ആര് ജേതാക്കളാവും എന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനുമായ രവി ശാസ്ത്രി. ഇത്തവണ നിലവിലെ ചാമ്പ്യൻമാരായ ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് കിരീടം നിലനിർത്തുമെന്നാണ് ശാസ്ത്രിയുടെ പ്രവചനം.

നിലവിലെ ഫോമും ടീമിന്റെ പ്രകടനവും നോക്കുമ്പോള്‍ ഗുജറാത്ത് കിരീടം നേടുമെന്ന് താന്‍ വിശ്വസിക്കുന്നു. ഗുജറാത്ത് ടീമില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അവർ പ്രകടനത്തിൽ സ്ഥിരത പുലർത്തുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഏഴ്-എട്ട് കളിക്കാര്‍ ഉണ്ട്. ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നതെന്നും ഗുജറാത്തിന് കിരീടസാധ്യത നൽകിക്കൊണ്ട് ശാസ്ത്രി പറഞ്ഞു.

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെയും രവി ശാസ്ത്രി പ്രശംസിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ പക്വത പ്രാപിച്ചു കഴിഞ്ഞു. ബോളര്‍മാരെ മികച്ച രീതിയില്‍ സഞ്ജു ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നെന്നും ഇത് ഒരു മികച്ച ക്യാപ്റ്റന്റെ ലക്ഷണമാണെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനും അവരെ സമര്‍ഥമായി ഉപയോഗിക്കാനും ഒരു മികച്ച ക്യാപ്റ്റനു മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്ലില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അവസാനം കളിച്ച മത്സരങ്ങളില്‍ പരാജയപ്പെട്ടാണ് രാജസ്ഥാനും ഗുജറാത്തും മത്സരത്തിനിറങ്ങുന്നത്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച 7:30ന് രാജസ്ഥാൻ്റെ തട്ടകമായ ജയ്പൂരിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News