അടിസ്ഥാന പലിശ നിരക്കുകൾക്ക് മാറ്റം വരുത്താതെ റിസർവ് ബാങ്ക്

അടിസ്ഥാന പലിശ നിരക്കുകൾക്ക് മാറ്റം വരുത്താതെ റിസർവ് ബാങ്ക്. രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. പലിശ നിരക്ക് കൂട്ടിയിട്ടും പണപ്പെരുപ്പം കുറയാത്തത് കൊണ്ടാണ് നയം മാറ്റമെന്നാണ് സൂചന.
കൊവിഡിന് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം നടന്ന ആറ് ധനനയ അവലോകന യോഗങ്ങളിലുമായി രണ്ടര ശതമാനത്തോളം വർദ്ധിപ്പിച്ച പലിശ നിരക്കാണ് ഇനി കൂട്ടേണ്ടെന്ന് റിസർവ്ബാങ്ക് തീരുമാനിച്ചത്. മൂന്നു ദിവസങ്ങളിലായി ചേർന്ന ആദ്യ ദ്വൈമാസ ധനനയ അവലോകന യോഗത്തിലാണ് തീരുമാനം.
ആറംഗ ധനനയ സമിതിയുടെ യോഗത്തിൽ വെച്ച് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു. റിസർവ് ബാങ്കിൻറെ തീരുമാനത്തിനു ശേഷവും ഒരു ഡോളറിനെതിരെ 82 എന്ന നിരക്കിൽ തന്നെ വ്യാപാരം തുടരുകയാണ് ഇന്ത്യൻ രൂപ.
കഴിഞ്ഞ സാമ്പത്തിക വർഷം റിപ്പോ നിരക്കിൽ 250 ബേസിസ് പോയിന്റുകൾ ഉയർത്തിയിട്ടും ഫലം കാണാഞ്ഞിട്ടാണ് നയംമാറ്റം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. പലതവണയുള്ള റിപ്പോ നിരക്ക് വർദ്ധനയിലും പണപ്പെരുപ്പം ആറു ശതമാനത്തിന് താഴെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
മാത്രമല്ല, അമേരിക്കൻ ഫെഡറൽ റിസർവ്, യൂറോപ്യൻ കേന്ദ്ര ബാങ്ക് തുടങ്ങിയവ അടിസ്ഥാന പലിശ നിരക്കുകൾ ഉയർത്തിയിട്ടും ബാങ്ക് തകർച്ച തുടരുകയാണ്. അമേരിക്കയിൽ മൂന്നും സ്വിറ്റ്സർലാൻഡിൽ ഒന്നും ബാങ്കുകൾ ഇതുവരെയായി പൂട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പലിശ നിരക്ക് വർദ്ധിപ്പിക്കുന്ന മാതൃക ഇന്ത്യയിൽ ഉപേക്ഷിക്കാം എന്നാണ് ഇന്ത്യൻ കേന്ദ്ര ബാങ്കിന്റെ തീരുമാനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News