താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട താനൂര്‍ കാരാട് സ്വദേശി ഷെഫീഖ്. ഏഴ് മണിയോടെയാണ് അപകടം നടന്നത്. ലാസ്റ്റ് ട്രിപ്പാണെന്ന് പറഞ്ഞതുകൊണ്ടാണ് കയറിയതെന്നും അഞ്ഞൂറ് മീറ്ററോളം മുന്നോട്ടുപോയപ്പോള്‍ തന്നെ ബോട്ട് ചെരിഞ്ഞു മറിഞ്ഞെന്നും ഷെഫീഖ് കൈരളിയോട് പറഞ്ഞു.
ആദ്യം താഴെയാണ് നിന്നതെന്നും എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നതോടെ മുകളിലേക്ക് പോകുകയായിരുന്നുവെന്നും ഷെഫീഖ് പറയുന്നു. നിമിഷ നേരം കൊണ്ട് ബോട്ട് ഇടതുഭാഗത്തേക്ക് ചെരിഞ്ഞു. തുടര്‍ന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. താഴെയുണ്ടായിരുന്നവരില്‍ അധികം പേരും ജാക്കറ്റ് ധരിച്ചിരുന്നില്ല. ഇത് അപകടത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. വെള്ളത്തില്‍ മുങ്ങിയ ഉടന്‍ താന്‍ പൊങ്ങി വന്നുവെന്നും തനിക്ക് കഴിയുന്ന വിധത്തില്‍ ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നും ഷെഫീഖ് പറഞ്ഞു.
സ്ത്രീകളുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. എന്നാല്‍ അവര്‍ക്ക് വെള്ളത്തിലേക്ക് ഇറങ്ങാന്‍ സാധിക്കുമായിരുന്നില്ല. നാല് സര്‍വീസ് ബോട്ടുകള്‍ ഉണ്ടായിരുന്നു. ഇവര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തനിക്ക് കാലിന് പരുക്കേറ്റിട്ടുണ്ടെന്നും ഷെഫീഖ് കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here