യുഡിഎഫ് എംപിമാര്‍ക്കെതിരായ തന്റെ വിമര്‍ശനത്തില്‍ പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയില്‍ കേരളത്തിലെ എംപിമാരുടെ നിവേദനത്തില്‍ യുഡിഎഫ് എംപിമാര്‍ ഒപ്പിടുകയോ ഭാഗമാകുകയോ ചെയ്തില്ല. എന്നാല്‍ ധനമന്ത്രി കേന്ദ്രമന്ത്രിയെ കാണാന്‍ പോയപ്പോള്‍ യുഡിഎഫ് എം പി മാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നല്‍കി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തിനു മുന്‍പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന എംപിമാരുടെ യോഗത്തില്‍, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഈ വിഷയത്തില്‍ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമര്‍പ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നതായിരുന്നു ഞാന്‍ ഉന്നയിച്ച പ്രശ്‌നം. എന്നാല്‍ ഇതിന് സംസ്ഥാന ധന മന്ത്രി ഡല്‍ഹിയിലെത്തി കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ടപ്പോള്‍ ഒപ്പം പോകാന്‍ എം പി മാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നല്‍കി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി.
സംസ്ഥാന ധനകാര്യ മന്ത്രിയോടൊപ്പം എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ല എന്ന ആക്ഷേപം ഞാന്‍ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഞാന്‍ ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയര്‍ത്തിപ്പിടിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു. കേരളത്തോട് കേന്ദ്രം കാട്ടുന്ന സാമ്പത്തിക അവഗണനയില്‍ പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിനെയാണ് കുറ്റപ്പെടുത്തുന്നത്. ബിജെപി ഗവണ്‍മെന്റിനെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഇത്രമേല്‍ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണെന്നും ധനമന്ത്രി ചോദിച്ചു. നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള ഈ കണക്കുകള്‍ അറിയുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
Also Read: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ സൗജന്യ അരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here