ഒരു ലോക്കൽ മാച്ച് കളിച്ചാൽ 500 രൂപ കിട്ടും, ടെൻ്റുകളിലും സഹതാരങ്ങളുടെ ഹോട്ടൽ മുറികളിലും താമസം; ഷമിയുടെ ദൈവദൂതനായത് ദേവവ്രത ദാസ്

അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് രാജ്യത്തെ വർഗീയവാദികളുടെ കരണത്തടിച്ച ഷമി എന്ന ക്രിക്കറ്റർ, കടന്നുവന്ന വഴികളെ കുറിച്ചും നേരിട്ട ദുരിതങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. 500 രൂപയ്ക്ക് ലോക്കൽ മാച്ചുകൾ കളിച്ചുകൊണ്ടിരുന്ന ഷമിയെ ഇന്ത്യൻ ക്രിക്കറ്ററാക്കാൻ വേണ്ടി ദൈവദൂതനെ പോലെ കടന്നുവന്ന ദേവവ്രത ദാസ് എന്ന മനുഷ്യനെ കുറിച്ചും ഷമിയെ വേട്ടയാടുന്ന വർഗീയവാദികളെ കുറിച്ചും സന്ദീപ് പറയുന്നു.

സന്ദീപ് ദാസിന്റെ കുറിപ്പ്

കെയ്ൻ വില്യംസൻ്റെ ക്യാച്ച് പാഴാക്കിയ മൊഹമ്മദ് ഷമിയെ രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിക്കാൻ ഒരു പറ്റം ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ സാക്ഷികളാക്കി ഷമി 7 വിക്കറ്റുകൾ പിഴുതു. ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് കൈ പിടിച്ച് കയറ്റി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങൾ. സെമിഫൈനൽ കാണാൻ സാക്ഷാൽ രജനീകാന്ത് സന്നിഹിതനായിരുന്നു. ഷമി കാണിച്ചത് പോലുള്ള ഹീറോയിസം രജനീകാന്തിൻ്റെ സിനിമകളിൽ പോലും കാണാൻ പ്രയാസമായിരിക്കും. 398 എന്ന പടുകൂറ്റൻ വിജയലക്ഷ്യത്തെ തെല്ലും ഭയക്കാതെ ഡാരിൽ മിച്ചലും കെയ്ൻ വില്യംസനും ബാറ്റ് വീശിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ജസ്പ്രീത് ബുംറയുടെ പന്തിൽ വില്യംസൻ നൽകിയ ക്യാച്ച് ഷമി പാഴാക്കി! സിറ്റർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിമ്പിൾ ചാൻസാണ് ഷമി കൈവിട്ടത്!
വാംഖഡേ സ്റ്റേഡിയത്തിൽ ശ്മശാന മൂകത പരന്നു. അവിടത്തെ ആൾക്കൂട്ടം ഒരു കുറ്റവാളിയെപ്പോലെ ഷമിയെ തുറിച്ചുനോക്കി. മറ്റ് ഇന്ത്യൻ ഫീൽഡർമാരും പിഴവുകൾ വരുത്തിയിരുന്നു. വില്യംസനെ റണ്ണൗട്ടാക്കാനുള്ള അവസരം കെ.എൽ രാഹുൽ മുതലെടുത്തിരുന്നില്ല. മോശം ഫീൽഡിങ്ങിലൂടെ ബുംറ കിവീസിന് ഒരു ബൗണ്ടറി സമ്മാനിച്ചിരുന്നു. മിച്ചലിനെതിരെ അനാവശ്യമായി ത്രോ ചെയ്ത രവീന്ദ്ര ജഡേജ നാല് റൺസ് എതിരാളികൾക്ക് ദാനമായി നൽകിയിരുന്നു.

ഇന്ത്യ കളി തോറ്റിരുന്നുവെങ്കിൽ മറ്റ് ഫീൽഡർമാരുടെ പോരായ്മകളെല്ലാം മനുഷ്യസഹജമായ പിഴവുകളായി അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഷമിയുടെ സ്ഥിതി അതാകുമായിരുന്നില്ല. അയാൾ കൈവിട്ട ക്യാച്ച് രാജ്യദ്രോഹക്കുറ്റമായി വ്യഖ്യാനിക്കപ്പെടുമായിരുന്നു. മൊഹമ്മദ് ഷമി എന്ന പേര് പോലും ഹിന്ദുത്വവാദികൾക്ക് അലർജിയാണ്. പക്ഷേ തന്നെ കല്ലെറിഞ്ഞ് വീഴ്ത്താൻ ഷമി അനുവദിച്ചില്ല. പുതിയ സ്പെല്ലിന് എത്തിയ അയാൾ കേവലം മൂന്ന് പന്തുകൾ കൊണ്ട് വില്യംസൻ്റെയും ടോം ലേതത്തിൻ്റെയും കഥ കഴിച്ചു. അതോടെ കിവീസിൻ്റെ ചേസ് പാളം തെറ്റിയ തീവണ്ടിയുടെ അവസ്ഥയിലായി. മൂർദ്ധാവിൽ ഷമി കൊടുത്ത അടിയിൽ നിന്ന് അവർ പിന്നീട് മോചിതരായില്ല. വാലറ്റക്കാരായ സൗത്തി,ഫെർഗൂസൻ എന്നിവരെ വീഴ്ത്തി ഇന്ത്യൻ ജയം പൂർത്തിയാക്കിയത് ഷമി ആയിരുന്നു. പ്രീമിയം ബോളർമാരായ ബുംറയും സിറാജും അടിവാങ്ങിയ സമയത്ത് കോൺവേയും രച്ചിൻ രവീന്ദ്രയും അടങ്ങിയ ടാസ്മാനിയൻ ടോപ് ഓർഡറിനെ തുടച്ചുനീക്കിയതും ഷമി ആയിരുന്നു. ആകെമൊത്തം ഒരു ഷമി ഷോ.

ഏഴ് വർഷങ്ങൾക്കുമുമ്പ് ഷമിയുടെ പിതാവായ തൗസീഫ് അഹമ്മദ് ഒരു പരസ്യപ്രസ്താവന നടത്തിയിരുന്നു- ‘പശുവിൻ്റെ കൊലപാതകത്തിൻ്റെ അടിസ്ഥാനത്തിൽ ചിലർ ഞങ്ങളെ ആക്രമിക്കുകയാണ്. എൻ്റെ കുടുംബത്തിന് വർഗീയതയുടെ പ്രതിച്ഛായ നൽകാൻ അവർ നുണകൾ പറയുകയാണ്’. പിന്നീട് ഷമി പലതവണ മതത്തിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഷമിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിൻ്റെ പേരിൽ വിരാട് കോഹ്ലിയുടെ പിഞ്ചുകുഞ്ഞിന് നേരെ റേപ് ഭീഷണി മുഴക്കാൻ പോലും ആളുകളുണ്ടായി. മനുഷ്യരൂപികളായ അത്തരം മൃഗങ്ങളോട് ഷമി ഇപ്പോൾ പറയുകയാണ്- ‘എൻ്റെ രാജ്യസ്നേഹം അളക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. അടിമുടി ഇന്ത്യയാണ് ഞാൻ‘.

രാജ്യത്തോടുള്ള ഷമിയുടെ വിശ്വസ്തതയെ സംശയിച്ചവർക്കുവേണ്ടി പഴയൊരു കഥ പറയാം. ഷമി ഉത്തർപ്രദേശിലാണ് ജനിച്ചുവളർന്നത്. അവിടത്തെ അണ്ടർ-19 തലത്തിലുള്ള സെലക്ടർമാരുടെ അവഗണന മൂലം ഷമി കൊൽക്കത്തയിലേയ്ക്ക് ചേക്കേറി. കൊൽക്കത്തയിലെ ഷമിയുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ലോക്കൽ മാച്ച് കളിച്ചാൽ 500 രൂപ കിട്ടും. ടെൻ്റുകളിലും സഹതാരങ്ങളുടെ ഹോട്ടൽ മുറികളിലുമാണ് ഷമി അന്ന് താമസിച്ചിരുന്നത്. ആ സമയത്താണ് ദേവവ്രത ദാസ് എന്ന മനുഷ്യൻ ഷമിയുടെ രക്ഷകനാകുന്നത്. അദ്ദേഹം ഷമിയെ ടൗൺ ക്ലബ്ബിൽ ചേർത്തു. അതോടെ ഷമിയുടെ ജീവിതത്തിൽ പണവും പ്രശസ്തിയും ഒഴുകാൻ തുടങ്ങി.

വൈകാതെ വിഖ്യാതമായ മോഹൻ ബഗാൻ ക്ലബ്ബിൽ നിന്ന് ഷമിയ്ക്ക് വിളി വന്നു. ഷമി ആ ഓഫർ നിർദ്ദയം നിരസിച്ചു! അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘എനിക്കൊരു ജീവിതം തന്ന ദാസിനെയും ടൗൺ ക്ലബ്ബിനെയും വഞ്ചിക്കാൻ എനിക്ക് സാദ്ധ്യമല്ല’ പിന്നീട് ദാസ് മുൻകൈ എടുത്ത് ഷമിയെ മോഹൻ ബഗാനിൽ കളിപ്പിച്ചു. ആ യാത്ര ഇപ്പോൾ ലോകകപ്പ് ഫൈനൽ വരെ എത്തിനിൽക്കുന്നു. അന്ന് ഏതാനും നോട്ടുകെട്ടുകൾക്കുവേണ്ടി ദാസിനെ ഒറ്റിക്കൊടുക്കാതിരുന്ന ഷമി മാതൃരാജ്യമായ ഇന്ത്യയെ വഞ്ചിക്കുമെന്ന് ചിന്തിച്ചവർ എത്ര വലിയ വിഡ്ഢികളായിരിക്കണം. വർഗീയതയ്ക്കും വെറുപ്പിനും പ്രധാന സ്ഥാനമുള്ള സമകാലീന ഇന്ത്യയിൽ ഷമി കീഴടങ്ങാതെ നിൽക്കുകയാണ്! പൊരുതാനുള്ള തീപ്പൊരി നമ്മളിലേയ്ക്ക് പകർന്നുകൊണ്ട്.

Written by-Sandeep Das

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News