ഗുണ കേവിൽ വീണവർ ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല, വെള്ളവും ഭക്ഷണവും കിട്ടാതെയായിരിക്കും അന്ത്യം: യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച ധാരാളം സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നാണ് ചിദംബരത്തിൻ്റെ മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കുറച്ചു സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും കൂട്ടത്തിലൊരാള്‍ അവിടെയുള്ള ഗുണ കേവ്‌സില്‍ വീണുപോവുകയും, തുടർന്ന് അവനെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന സാഹസികമായ പ്രവർത്തനങ്ങളുമാണ് സിനിമ പറയുന്നത്. ഇത് കുറച്ചു ചെറുപ്പക്കാരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയായപ്പോള്‍ തങ്ങളുടെ ജീവിതം തന്നെയാണ് സ്‌ക്രീനില്‍ കണ്ടതെന്നും, അവിടെ നടന്നതെല്ലാം ഇപ്പോൾ ഓർക്കുമ്പോഴും ഭീതിയും നിഗൂഢതയും അനുഭവപ്പെടുന്നെന്നും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

മഞ്ഞുമ്മൽ ബോയ്സ് പറയുന്നു, ഗുണ കേവിനേ കുറിച്ച്

സിനിമയില്‍ കാണിക്കുന്നതുപോലെ അത്ര വെളിച്ചമൊന്നും ഗുണ കേവിൽ ഉണ്ടായിരുന്നില്ല. നല്ല മഞ്ഞുണ്ടായിരുന്നു. ഞങ്ങള്‍ ഇങ്ങനെ നടക്കുകയാണ്. മൂന്ന് പേര്‍ പാസ് ചെയ്തുപോയി. ബാക്കിയുള്ളവര്‍ ഇവന്റെ പിറകിലായുണ്ട്. പെട്ടെന്ന് ഇവന്‍ താഴേക്ക് ഒറ്റപ്പോക്കാണ്. എവിടെയോ പോയി പതിക്കുന്ന ഒരു ശബ്ദമാണ് പിന്നെ കേള്‍ക്കുന്നത്. ഞങ്ങള്‍ സ്തംബ്ധരായിപ്പോയി.

20 മിനുട്ടോളം ഞങ്ങള്‍ നിര്‍ത്താതെ അവനെ വിളിച്ചു. ഇവന്‍ വിളികേള്‍ക്കുന്നില്ല. അവിടെയുള്ളവരെ അറിയിച്ചപ്പോള്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയ്‌ക്കോ എന്ന് പറഞ്ഞ് നിര്‍ബന്ധിക്കുകയാണ്. പക്ഷേ ഞങ്ങള്‍ പോകാന്‍ തയ്യാറായായില്ല. അവിടെ വീണവരാരും ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും. ആ കുഴിയില്‍ വീണാല്‍ നേരെ ചെന്ന് തലയിടിക്കില്ല. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് പോലെയുള്ള സ്ട്രക്ചറാണ്. ഒരാള്‍ക്ക് കൃത്യമായി പോകാന്‍ പറ്റുന്ന രീതിയിലാണ്.

സുഭാഷിന് മുന്‍പ് ആ കുഴിയില്‍ വീണവരെ കൂടെയുള്ളവര്‍ ചിലപ്പോള്‍ വിളിച്ചു നോക്കിക്കാണും. എന്നാല്‍ അവര്‍ക്ക് മിണ്ടാന്‍ കഴിഞ്ഞു കാണില്ല. സുഭാഷിന്റെ അന്നത്തെ ഫിസിക്ക്, അവന്റെ മെന്റല്‍ സ്‌ട്രെങ്ത്, ഇവന്റെ ഉയരം, ഇതെല്ലാം ഇവനെ സഹായിച്ചിട്ടുണ്ടാകും. ഇവന് പകരം ഞങ്ങളില്‍ വേറെ ആരായിരുന്നു വീണതെങ്കിലും കഥ മാറിയേനെ. ഞങ്ങള്‍ക്ക് ഇവനെ കൊണ്ടല്ലാതെ പോകാന്‍ കഴിയില്ല. ഇവന്റെ അമ്മ ഞങ്ങളെ വെട്ടിക്കളയും. ഇവന്റെ ബോഡിയെങ്കിലും കിട്ടാതെ പോകില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. നാട്ടുകാരും ഞങ്ങള്‍ക്കൊപ്പം നിന്നു. ഇവന്റെ ശബ്ദം കുഴിയില്‍ നിന്ന് കേട്ടത് അവരിലും പ്രതീക്ഷയുണ്ടാക്കി. ഡെവിള്‍സ് കിച്ചണ്‍ എന്നാണല്ലോ പറയുന്നത്. അതില്‍ നിന്ന് ആരും പുറത്തുവരില്ലെന്നും അപവാദമുണ്ടല്ലോ. അപ്പോള്‍ ഇവന്റെ ശബ്ദം കേട്ടപ്പോള്‍ നാട്ടുകാര്‍ക്കും പ്രതീക്ഷയായി. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി വാദിച്ചു.

അങ്ങനെയാണ് ഞങ്ങളില്‍ ഒരാള്‍ ഇറങ്ങാന്‍ തീരുമാനിക്കുന്നത്. ഇവന്റെ ജീന്‍സ് ഒരു കല്ലില്‍ കൊരുത്ത് അതിന്റെ ബലത്തില്‍ ഇവന്‍ തൂങ്ങിക്കിടക്കുകയാണ്. ഇവനെ പുറത്തേക്ക് എടുത്തപ്പോള്‍ ഇവന്റെ ദേഹത്ത് വസ്ത്രമൊന്നുമില്ല. കോട്ടും ജാക്കറ്റും അതിനുള്ളില്‍ ബനിയനുമൊക്കെ ഇവന്‍ ധരിച്ചിരുന്നു. അതൊക്കെ എങ്ങനെ ഊരിപ്പോയെന്ന് പോലും ഇവന് ഓര്‍മയില്ല.

സംഭവത്തെ കുറിച്ച് ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രമായ സുഭാഷ് പറയുന്നു

സര്‍ക്കാരിന്റെ കണക്കാണ് 13 എന്നത്. 19 ഓളം പേര്‍ അതില്‍പ്പെട്ടു പോയിട്ടുണ്ടെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. തിയേറ്ററിലിരുന്ന് ഞാന്‍ കരയുകയായിരുന്നു. എന്റെ കൂട്ടുകാരുടെ വിഷമം ഞാന്‍ നേരിട്ടുകാണുകയാണ്. അവര്‍ എത്രത്തോളം വിഷമിച്ചു എന്ന് നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും കരഞ്ഞുപോയി. അപകടം പറ്റിയാല്‍ പിന്നെ കാര്യങ്ങള്‍ മറന്നുപോകും. മൂന്ന് വര്‍ഷമെടുത്തു ഞാന്‍ ആരോഗ്യം വീണ്ടെടുക്കാന്‍. കുഴിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ എൻ്റെ വസ്ത്രങ്ങൾ എല്ലാം കീറിയിരുന്നു. ഭ്രാന്തമായ അവസ്ഥയില്‍ വസ്ത്രങ്ങള്‍ ഞാന്‍ തന്നെ എന്തെങ്കിലും ചെയതതാണോ എന്നൊന്നും അറിയില്ല. ഞാന്‍ ടൂര്‍ പോയത് മറന്നു, കുഴിയിലേക്ക് വീണത് മറന്നു. മരിച്ച് വേറെ ഏതോ ലോകത്ത് നില്‍ക്കുകയാണ് എന്നാണ് കരുതിയത്. ഇവരുടെ വിളി ഞാന്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ മറുപടി പറയാന്‍ കഴിയുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News