മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന മനുഷ്യന്റെ യഥാർത്ഥ അനുഭവം ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം രചിച്ചത്. ബ്ലെസിയുടെ സംവിധാനത്തിൽ ആടുജീവിതം സിനിമയാകുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഇപ്പോഴിതാ മരുഭൂമിയിൽ താൻ അനുഭവിച്ച യഥാർത്ഥ സംഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നജീബ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നജീബ് തന്റെ അനുഭവം പങ്കുവെച്ചത്.
നജീബ് പറഞ്ഞത്
അന്ന് ഞാന്‍ അങ്ങനെ കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അന്നത്തെ അനുഭവങ്ങള്‍ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാന്‍ പോകുന്നത്. 93ല്‍ അവിടെ ചെന്നിറങ്ങി, ഒരാള്‍ വന്ന് എന്റെ പാസ്‌പോര്‍ട്ട് ചോദിച്ചപ്പോള്‍ കൊടുത്തു, വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ കയറി. എന്റെ അറബി തന്നെ ആയിരിക്കും വന്നത് എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. വണ്ടി നേരെ മരുഭൂമിയിലേക്കാണ് പോയത്.
ഞാന്‍ അപ്പോഴും ആലോചിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍ നിന്ന് കയറുന്നവര്‍ ഒക്കെ എവിടെ എന്ന്. കാരണം ഒരു കെട്ടിടം പോലുമില്ല എവിടെയും. വേറെ ഒന്നും കാണുന്നില്ല. കുറെ നേരം മരുഭൂമിയൂലൂടെ യാത്രചെയ്തു. ഒരുപാട് ഓടി സന്ധ്യയ്ക്ക് വണ്ടി വന്ന് നിര്‍ത്തിയത് ഒരുപാട് ആടുകളും ഒട്ടകങ്ങളും ഒക്കെ ഉള്ള സ്ഥലത്താണ്. ഞാന്‍ പെട്ടു എന്ന് എനിക്ക് അപ്പോള്‍ തന്നെ മനസിലായി. ഞാന്‍ അന്നേരം തൊട്ട് കരയാന്‍ തുടങ്ങി. കരഞ്ഞപ്പോള്‍ അറബിക്ക് ദേഷ്യം വന്നു.
അവിടെ താടിയും മുടിയും ഒക്കെ നീട്ടി, കണ്ടാല്‍ തന്നെ വികൃത രൂപമുള്ള ഒരു മനുഷ്യനും ഉണ്ടായിരുന്നു. ഇവരോടൊന്നും സംസാരിക്കാന്‍ ഭാഷ പോലും അറിയില്ലല്ലോ. ഞാന്‍ ആലോചിക്കുന്നത് അവിടുന്ന് പോരുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെക്കുറിച്ചാണ്. എപ്പോഴും മണല്‍ക്കാറ്റാണ്. ആരോ പുതച്ച ഒരു പുതപ്പും പുതച്ചാണ് അവിടെ കിടന്നത്. ആകാശത്ത് വിമാനം പോവുന്നത് കണ്ടപ്പോഴും ഞാന്‍ പെട്ടുപോയെന്നോര്‍ത്ത് കരഞ്ഞു. ഒട്ടകത്തിനെ കറക്കാനാണ് അടുത്ത ദിവസം എന്നോട് പറഞ്ഞത്.
പറഞ്ഞത് കേട്ടില്ലെങ്കില്‍ അടി കിട്ടും എന്ന് ഉറപ്പായിരുന്നു. വെള്ള ആടിനെ പിടിച്ച് കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കറുത്തതിനെ പിടിച്ചു വന്നു. അപ്പോഴും കിട്ടി അടി. അറബി കഴിച്ചതിന്റെ ബാക്കി ഉണങ്ങിയ കുബ്ബൂസ് ഒക്കെയാണ് ചിലപ്പോള്‍ കിട്ടുക. അവസാനം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആടിന്റെ പാല്‍ കറന്ന് കുടിക്കാന്‍ തുടങ്ങി.
ഇവരുടെ കണ്ണുവെട്ടിച്ച് ഒന്നരദിവസം മരുഭൂമിയില്‍ കൂടി ഓടിയിട്ടുണ്ട്. അവിടുന്ന് രക്ഷപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് 2000ത്തില്‍ വീണ്ടും ദുബായ്ക്ക് വണ്ടി കയറി. ആ സമയത്താണ് ബെന്യാമിനെ പരിചയപ്പെടുന്നത്. അന്ന് ബന്ധുക്കള്‍ ഉണ്ടായിരുന്നു അവിടെ. അങ്ങനെയാണ് രണ്ടാമത് വീണ്ടും പോയത്. ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ അളിയന്റെ സുഹൃത്ത് സുനിലിന്റെ അടുത്ത് എന്റെ കഥ പറഞ്ഞു. അപ്പോൾ തന്നെ ജോലി ശരിയാക്കി തന്നു.
സുനിലിന്റെ സുഹൃത്തായിരുന്നു ബെന്യാമിന്‍. അങ്ങനെയാണ് ബെന്യാമിന്‍ ഇത് കഥയാക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനത്തിന് എനിക്കായിരുന്നു ആദ്യത്തെ പുസ്തകം സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുസ്തകത്തിന് കിട്ടിയതോടെ ആള്‍ക്കാര്‍ വിളിയും മറ്റുമൊക്കെ തുടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here