ഇന്ത്യ പിന്നാക്കം പോകാന്‍ കാരണം സൂചികകളുടെ പ്രശ്‌നം; നരേന്ദ്രമോദിയുടെ പ്രധാന ഉപദേഷ്ടാവ്

മനുഷ്യ വിഭവസൂചികകളിലടക്കം ഇന്ത്യ പിന്നാക്കം പോകാന്‍ കാരണം സൂചികകളുടെ പ്രശ്‌നമെന്ന് നരേന്ദ്രമോദിയുടെ പ്രധാന ഉപദേഷ്ടാവ്. അന്താരാഷ്ട്ര വേദികളില്‍ വിഷയം ചര്‍ച്ചയാക്കുമെന്ന് കേന്ദ്ര സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാല്‍. നോര്‍ത്ത് അറ്റ്‌ലാന്റിക് ഏജന്‍സികള്‍ നാണം കെടുത്തുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി.

പട്ടിണി സൂചികയില്‍ വളരെ പിന്നിലായതും പത്രസ്വാതന്ത്ര്യ സൂചികയില്‍ അഫ്ഗാനിസ്ഥാനെക്കാളും മോശമായതും സൂചികകളുടെ പ്രശ്‌നമാണെന്നാണ് നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പറയുന്നത്. അജണ്ട തീരുമാനിച്ചുകൊണ്ട് സര്‍വ്വേ നടത്തുന്ന അമേരിക്കന്‍ യൂറോപ്യന്‍ ഏജന്‍സികളാണ് ഇത്തരം സൂചികകള്‍ക്ക് പിന്നില്‍. നവകോളനിവല്‍ക്കരണമാണ് ഇത്തരം കണക്കെടുപ്പുകളുടെ രാഷ്ട്രീയം. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളെ നാണം കെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാല്‍ റോയ്‌റ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വേദികളില്‍ നടന്ന ചര്‍ച്ചകളിലെല്ലാം ലോക ബാങ്ക്, ലോക എക്കണോമിക് ഫോറം, ഐക്യരാഷ്ട്ര സഭാ വികസന പരിപാടി തുടങ്ങിയവയുടെ സൂചികകളിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അന്താരാഷ്ട്ര സംഘടനകളെല്ലാം രാഷ്ട്രീയ അജണ്ട ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികളെ വിശ്വസിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നുണ്ടെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു. എന്നാല്‍ ജി20 ഉച്ചകോടിയില്‍ വിഷയം ഇന്ത്യ ചര്‍ച്ചയാക്കുമോ എന്ന ചോദ്യത്തിന് സന്യാല്‍ മറുപടി നല്‍കിയില്ല. അന്താരാഷ്ട്രസൂചികകള്‍ ഇന്ത്യയുടെ പ്രതിച്ഛായക്കും ഒപ്പം ലഭിക്കാന്‍ സാധ്യതയുള്ള ലോണുകള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News