ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു എന്ന് വിധിയെഴുതി, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത്, പിന്നീട് രാത്രി രണ്ടു മണിയോടെ മൃതദേഹം പരിശോധിക്കുവാൻ എത്തിയ ഉദ്യോഗസ്ഥനെ ഞെട്ടിച്ചുകൊണ്ട് മരണപ്പെട്ടു എന്ന വിധിയെഴുതിയ വ്യക്തിയുടെ ശരീരഭാഗങ്ങളിൽ ചലനം.ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും പിന്നീട് ആംബുലൻസും വിളിച്ച് അവശനിലയിൽ ആയിരുന്ന രോഗിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ആലപ്പുഴയിലാണ് ഈ സംഭവം.വെള്ളക്കിണർ സ്വദേശി റിയാസിനാണ് ഈ രണ്ടാം ജന്മം. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് ഇയാൾ കഴിഞ്ഞിരുന്ന മുറി ദിവസങ്ങളായി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റിയാസിനെ കാണാതെ വന്നതോടെ സുഹൃത്തുക്കളും മറ്റും പൂട്ട്പൊളിച്ച് മുറിയിൽ എത്തി പരിശോധിച്ച ശേഷമാണ് മരണപ്പെട്ടുവെന്ന് വിധിയെഴുതിയത്.ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ടു എന്ന വിവരവും അറിയിച്ചു.
തുടർന്ന് അവിടെ നിന്നും പൊലീസ് എത്തി മരണപ്പെട്ടു എന്ന് സംശയിച്ച മൃതദേഹത്തിന് കാവലും ഏർപ്പെടുത്തി. രാത്രി രണ്ടു മണിയോടെ നൈറ്റ് പെട്രോളിങ്ങിനിടെ സംഭവമറിഞ്ഞ് ആലപ്പുഴ ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തി അരണ്ട വെളിച്ചത്തിൽ മൃതദേഹം പരിശോധിക്കുന്നതിനിടയിൽ ഡിവൈസ്പിയുടെ നേരെ കാലുയരുകയായിരുന്നു.പിന്നാലെ ഡിവൈഎസ്പി മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അകത്തേക്ക് വിളിച്ചു വിശദമായി പരിശോധിച്ചു.പിന്നീട് ആംബുലൻസും മറ്റും വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവശനിലയിൽ ആയിരുന്ന ഈ യുവാവ് ഇപ്പോൾ മരുന്നുകളോടും മറ്റും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ റിയാസിന്റെ ഭാര്യയും മക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്. അർദ്ധരാത്രിയിൽ ഡിവൈഎസ്പി എത്തി ദേഹപരിശോധന നടത്തി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ പുലർച്ചയോടെ ഇദ്ദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കേണ്ടി വന്നേനെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here