റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ച ഒന്നേ മുക്കാൽ കോടി രൂപ സംസ്ഥാന കമ്മറ്റിക്ക് കൈമാറി. എറണാകുളം യൂത്ത് സെൻറിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐI സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുക ഏറ്റുവാങ്ങി. വിവിധ ചലഞ്ചുകൾ നടത്തിയും വരുമാനത്തിൻ്റെ വിഹിതം മാറ്റിവെച്ചുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഫണ്ട് സമാഹരിച്ചത്.
ALSO READ: ഹേമ കമ്മിറ്റി ഇഫെക്ട് തമിഴ്നാട്ടിലും; കുറ്റക്കാർക്ക് 5 വർഷം തടവ്
ഒരു കോടി 77 ലക്ഷത്തി 177 രൂപയാണ് റീബിൽഡ് വയനാട് പദ്ധതിക്കായി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് കൈമാറിയത്. ജില്ലാ കമ്മിറ്റി സമാഹരിച്ച തുക സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വീടുകളും കടകളും കയറിയിറങ്ങി പരമാവധി ആക്രി സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തിയും, വഴിയോരങ്ങളിൽ സ്നേഹത്തിന്റെ ചായക്കടകൾ നടത്തിയും ബിരിയാണി, പായസം ചലഞ്ചുകൾ സംഘടിപ്പിച്ചും കൂലിപ്പണിയെടുത്തും കാറ്ററിങ് സർവീസ് ഉൾപ്പെടെ ഏറ്റെടുത്ത് നടത്തിയുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഫണ്ട് സ്വരൂപിച്ചത്. നൂറു വീടുകൾ വരെ നിർമ്മിച്ചു നൽകാനുള്ള പണം ശേഖരിക്കാൻ ഡിവൈഎഫ്ഐക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് വി വസീഫ് പറഞ്ഞു.
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ റീ ബിൽഡ് വയനാട് പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളം ജില്ലയിലെ 16 ബ്ലോക്ക് കമ്മറ്റികളും, അഭിഭാഷക കമ്മറ്റിയും ഉൾപ്പെടെ ചേർന്നാണ് ഫണ്ട് സമാഹരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here