അബു വരച്ച ഇന്ത്യ; രാഷ്ട്രീയ കാർട്ടൂണിന്‍റെ കുലപതിക്ക് ജന്മശതാബ്ദി

ബിജു മുത്തത്തി

1975-ൽ ഇന്ത്യൻ എക്‌സ്പ്രസിൽ നാലു കോളത്തിൽ വന്ന ആ കാർട്ടൂൺ ഇന്നും ആരെയും അൽഭുതപ്പെടുത്തില്ല- രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ബാത്ത് ടബിലിരുന്ന് ഓർഡിനൻസുകൾ ഒപ്പിട്ടുകൊടുക്കുന്നു. രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സഹനത്തിന്‍റെ നെല്ലിപ്പടികണ്ട അടിയന്തരാവസ്ഥാക്കാലത്തിന്‍റെ നേർച്ചിത്രം, അല്ലെങ്കിൽ നേർച്ചരിത്രം. ഒന്നു മാറ്റിവരച്ചാൽ അടിയന്തരാവസ്ഥയേക്കാൾ വലിയ ഏകാധിപത്യകാലമായ മോദിദശകത്തിനും നന്നായി ചേരുന്ന ചിത്രം. കാലത്തിനു മുമ്പേ വരച്ചിട്ട രാഷ്ട്രീയ കാർട്ടൂണുകളുടെ ആറുപതിറ്റാണ്ടിന്‍റെ ആ ചരിത്രമാണ് അബു എബ്രഹാം.

മാവേലിക്കരക്കാരനായ ആറ്റുപുറത്ത് മാത്യു എബ്രഹാം എന്ന അബു എബ്രഹാം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി ജെ ജെ സ്ക്‌കൂൾ ഓഫ് ആർട്‌സിലും പഠിച്ച ശേഷം ബോംബെ ക്രോണിക്കിളിലൂടെ കരഞ്ചിയയുടെ ബ്ലിറ്റ്‌സും ശങ്കേഴ്‌സ് വിക്കീലിയും കടന്നാണ് ലണ്ടനിലെത്തിയത്. കാർട്ടൂണിനുവേണ്ടി മാത്രമുള്ള പഞ്ച്, ഡെയ്‌ലി സ്കെച്ച്, ദി ട്രിബ്യൂൺ, ഗാർഡിയൻ തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞു നിന്ന അബുവിനെ 1956-ലാണ് ഡേവിഡ് ആസ്റ്റർ വിളിച്ച് ദി ഒബ്സർവറിന്‍റെ ആദ്യത്തെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായി നിയമിച്ചത്.

ഇന്ത്യയിൽ എഡിറ്റോറിയൽ കാർട്ടൂണുകൾ പുനർനിർവചിക്കപ്പെട്ട അറുപതുകളുടെ ഒടുവിലാണ് അബു ലണ്ടനിൽ നിന്നു വന്ന് ഇന്ത്യൻ എക്‌സ്പ്രസിൽ ചേർന്നത്. രാഷ്ട്രീയത്തിൽ ഇന്ദിരാ യുഗത്തിന്‍റെ പ്രയാണം തുടങ്ങിയ കാലം. നെഹ്രുവിയൻ പാതയിൽ നിന്നുള്ള തുടർച്ചകളേക്കാൾ ഇടർച്ചകൾ വർദ്ധിച്ചപ്പോൾ അബുവിന്‍റെ വരകൾ തിരുത്തലായി. സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ ഇന്ത്യ എന്ന ഭരണഘടനാ ലക്ഷ്യത്തിലൂന്നിയുള്ള ആ വരകൾ അടിയന്തരാവസ്ഥക്കാലമെത്തിയപ്പോഴാണ് രാഷ്ട്രീയമായി പൂർണ്ണരൂപമാർജ്ജിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തെ വരച്ച വരയിൽ നിർത്താൻ ശ്രമിച്ച കാർട്ടൂണുകളുടെ ഒരു മഹാകാലമായിരുന്നു അത്. ഒപ്പം തന്നെ മഹാപ്രതിഭകളുടെയും കാലം. ശങ്കർ, രജീന്ദർ പുരി, ഒ വി വിജയൻ, ആർ കെ ലക്ഷ്‌മൺ, കുട്ടി പിന്നെ അബു എബ്രഹാം. കാർട്ടൂണിസ്റ്റ് ശങ്കറിനോട് ‘എന്നെ ഒഴിവാക്കരുതേ’യെന്നു പറഞ്ഞ പണ്ഡിറ്റ് നെഹ്രുവിന്‍റെ മകളാകട്ടെ കാർട്ടൂണുകളെയും വെറുതെ വിട്ടില്ല. സെൻസർഷിപ്പിന്‍റെ വായ്ത്തലയിൽ അരിഞ്ഞുവീഴ്ത്തപ്പെട്ടു അബുവിന്‍റെ കാർട്ടൂണുകളും. അരിയുന്തോറും ആയിരം വിരലുകളിലൂടെ ആ വരകൾ കരുത്താർജ്ജിച്ചതാണ് അതിന്‍റെ തുടർച്ചരിത്രം.

പത്രപ്രവർത്തനവുമായി ഒട്ടിനിൽക്കുമ്പോഴും ഒരു സ്വതന്ത്രകലയായി തന്നെ വികാസം പ്രാപിച്ചവയാണ് ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണുകൾ. നാൽപ്പതുകളിൽ ഹിന്ദുസ്ഥാൻ
ടൈംസ് ആറും ഏഴും കോളങ്ങളിലാണ് കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നത്. ലണ്ടനിൽ നിന്നുള്ള പഞ്ചിന്‍റെ മാതൃകയിൽ ശങ്കർ 1948-ൽ ശങ്കേഴ്സ് വീക്കിലി തുടങ്ങിയത് രാഷ്ട്രീയ കാർട്ടൂണുകളുടെ ചരിത്രത്തിൽ വഴിത്തിരിവായി. പത്രങ്ങളുടെ മുഖപ്രസംഗങ്ങളുടെ അനുബന്ധമല്ലാതെയും കാർട്ടൂണുകൾക്ക് നിലനിൽക്കാനാവുമെന്ന് തെളിയിച്ചത് അബു കൂടി ഉൾപ്പെട്ട ശങ്കേഴ്സ‌് വീക്കിലിയായിരുന്നു. എന്നാൽ ശങ്കറിനും അബുവിനുമെല്ലാം അങ്ങനെ ഉറച്ചുനിൽക്കാൻ വേരുനൽകിയത് പത്രവരകൾ തന്നെയായിരുന്നു എന്നൊരു സത്യവുമുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം ഗാന്ധിയൻ കാഴ്‌ചപ്പാടിൽ നിന്ന് വഴിതെറ്റുന്നത് ആദ്യം മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയത് കാർട്ടൂണിസ്റ്റുകളായിരുന്നു. അതിനായി തീഷ്ണവരകളായിരുന്നു ശങ്കറും ആർ കെ ലക്ഷ്‌മണും സ്വീകരിച്ചിരുന്നതെങ്കിൽ അബു എബ്രഹമാകാട്ടെ പൊതുവേ സൗമ്യവും ലളിതവുമായ വരകളെയാണ് ആയുധമാക്കിയത്.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനകാലത്തെക്കുറിച്ച് ശങ്കർ വരച്ചൊരു കാർട്ടൂണുണ്ട്- ഒരു തീവണ്ടി മുന്നോട്ടു പോവുമ്പോൾ റെയിൽപ്പാളം രണ്ടായി പിരിയുന്നു. 2019ൽ ‘ഇന്ത്യയുടെ വിഭജകൻ’ എന്ന തലക്കെട്ടോടെ ടൈം മാഗസിൻ മോദിയെക്കുറിച്ച് കവർ സ്റ്റോറി ചെയ്‌തപ്പോൾ ശങ്കറിന്‍റെ പഴയ കാർട്ടൂൺ മോദിയുടെ മുഖം കൂടി ചേർത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. ഗാന്ധി സിനിമയ്ക്കു ശേഷമാണ് ഗാന്ധിയെ ലോകമറിഞ്ഞതെന്ന മോദിയുടെ വിഡ്ഢി പ്രസ്‌താവനയെ പരിഹസിക്കാൻ പലരും ഉപയോഗിച്ചത് ആർ കെ ലക്ഷ്‌മണിന്‍റെ ഗാന്ധി കാർട്ടൂണുകളാണ്. അതിലൊരു കാർട്ടൂണിൽ ഗാന്ധിയുടെ പ്രതിമകണ്ട് ബെൻ കിംഗ്‌സ്ലിയാണോ എന്ന് ചോദിക്കുന്നുണ്ട്.  മറ്റൊരു കാർട്ടൂണിൽ ഗാന്ധിച്ചിത്രം കണ്ട് മനസ്സിലാവാതെ അടിക്കുറിപ്പ് വായിക്കുന്നൊരു നേതാവിനെയും കാണാം. കുറേ അന്ധരാഷ്ട്രീയക്കാർ ചേർന്ന് ഗാന്ധിയെന്ന ആനയുടെ കാലും വാലും വയറും തുമ്പിക്കൈയ്യും പിടിച്ചു കളിക്കുന്നതാണ് അബുവിന്‍റെ കാർട്ടൂൺ. അബുവിന്‍റെ ഇന്ദിരാഗാന്ധിക്കെതിരായ കാർട്ടൂണുകൾ ഇപ്പോൾ കാണുമ്പോഴാണ് മോദിയുഗത്തിൽ അതുപോലെ പോരാളിയായൊരു കാർട്ടൂണിസ്റ്റിന്‍റെ അഭാവം നമ്മളറിയുന്നത്.

അടിയന്താരാവസ്ഥ മാത്രമല്ല ആഗോള രാഷ്ട്രീയവും അബുവിന്‍റെ കാർട്ടൂണുകളുടെ ആലോചനകളായിരുന്നു. വിയറ്റ്നാം യുദ്ധകാലത്തും സോവിയറ്റ് യൂനിയന്‍റെ തകർച്ചാക്കാലത്തും മറ്റ് ദേശീയ-അന്തർദ്ദേശീയ മാധ്യമങ്ങളിൽ നിന്നു മാറിച്ചിന്തിച്ച വരകളായിരുന്നു അബു എബ്രഹാമിന്‍റേത്. ലോകമെമ്പാടും സഞ്ചരിച്ചുള്ള അബുവിന്‍റെ റിപ്പോർട്ടിംഗ് ഡ്രോയിംഗുകളും മനുഷ്യരാശി ഉയർത്തിപ്പിടിക്കേണ്ടുന്ന രാഷ്ട്രീയ വിളംബരങ്ങളായിരുന്നു. ക്യൂബ സന്ദർശിച്ച് മഹാവിപ്ലവകാരികളായ ചെ ഗുവേരയ്ക്കും ഫിദലിനുമൊപ്പം ചെലവഴിച്ചപ്പോൾ അബു വരച്ച ഡ്രോയിംഗുകളിൽ ഇരുവരും  ഒപ്പിട്ടുനൽകിയിട്ടുണ്ട്. ചരിത്രപുരുഷന്മാരെ അവരർഹിക്കുന്ന വിധം ശരിയായ അളവുകളിൽ വരച്ച കാർടൂണിസ്റ്റായിരുന്നു അബു.

ചെറിയ വരകൾ മാത്രമല്ല കുറിക്കുകൊള്ളുന്ന വാക്കുകളുമാണ് അബു എബ്രഹാമിന്‍റെ കാർട്ടൂണുകളുടെ കരുത്ത്. എന്നാൽ ആർ കെ ലക്ഷ്‌മണിന്‍റെ കാർട്ടൂണുകളെപ്പോലെ ചിരിപ്പടക്കമല്ല അത്. ഒ. വി വിജയന്‍റെ കാർട്ടൂണുകളെപ്പോലെ ദാർശനിക ആഴത്തിലേക്ക് ഊളിയിടുന്നതുമല്ല. അടിയന്തരാവസ്ഥാക്കാലത്തെ പ്രകടമായ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഉൾപ്പെടെ ജനാധിപത്യ മൂല്യങ്ങളുടെ ആശയവിനിമയവും ആവിഷ്കാരവുമായാണ് അബുവിന്‍റെ കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് കാക്കയും ആനയും കഥാപാത്രങ്ങളായെത്തിയ കോമിക് സ്ട്രിപ്പ് ‘സോൾട്ട് ആൻഡ് പെപ്പറി’ൽ പ്രത്യക്ഷത്തിൽ രാഷ്ട്രീയമൊന്നും പറയാത്ത വേറൊരു വഴിയിലാണ് വരച്ചെതെങ്കിലും ഇന്ത്യയിലെ  രാഷ്ട്രീയകാർട്ടൂണുകളുടെ ഗതി നിർണയിച്ചവരിൽ പ്രധാനിയായി തന്നെ അബു എബ്രഹാം വിലയിരുത്തപ്പെടുന്നു.

ഫോട്ടോഗ്രാഫിയിലും ആനിമേഷൻ സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റങ്ങളുണ്ടായിട്ടും, കോമിക്സുസുകളും സോഷ്യൽ മീഡിയ ട്രോളുകളും പെരുകിയിട്ടും കാർട്ടൂണുകൾക്ക് ഇപ്പോഴും ജനമനസ്സിൽ സ്ഥാനമുണ്ടെങ്കിൽ അതിനു പിന്നിൽ അബുവിനെ പോലുള്ള പ്രതിഭാശാലികൾക്ക് കാലം നൽകുന്ന പ്രതിഫലമാണ്. നർമത്തിന്‍റെ മേമ്പൊടിയും കൂർത്ത വിമർശനവും ഉള്ളടങ്ങിയ ആ വരകൾ ഏറെക്കാലം ഇന്ത്യയിലെ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് വേറൊരു ആകൃതി നൽകി. ചെറിയ വരകളിലൊളിപ്പിച്ച വലിയ സത്യങ്ങളായി അതിന്നും നമ്മെ വിസ്മ‌യിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News