അയോഗ്യത നീങ്ങിയതിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് നൽകിയ സ്വീകരണം കോൺഗ്രസ് പരിപാടിയായി ചുരുക്കിയതിൽ മുസ്ലിം ലീഗിൽ കടുത്ത പ്രതിഷേധം.യു ഡി എഫ് നേതൃത്വത്തിൽ സ്വീകരണം ഒരുക്കണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെച്ചെങ്കിലും കോൺഗ്രസ് തള്ളുകയായിരുന്നു.ഇതോടെ പരിപാടിയിൽ അണികളെ പങ്കെടുപ്പിക്കില്ലെന്ന് ലീഗ് തീരുമാനമെടുത്തു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയ ശ്രമം നടത്തിയെങ്കിലും ജില്ലാ നേതൃത്വം ഇടഞ്ഞുനിന്നു.പി കെ കുഞ്ഞാലിക്കുട്ടി,സാദിഖലി ശിഹാബ് തങ്ങൾ ലീഗ് ജില്ലാ പ്രസിഡന്റ് എന്നിവർ പങ്കെടുത്തെങ്കിലും പരിപാടിയിൽ മണ്ഡലം പ്രസിഡന്റുമാരുൾപ്പെടെ പങ്കെടുത്തില്ല.
also read; പുതുപ്പള്ളി മാറ്റം ആഗ്രഹിക്കുന്നു; ജനമനസുകളിൽ നിന്നും അത് വായിച്ചെടുക്കാം; ജെയ്ക് സി തോമസ്
മാത്രമല്ല പരിപാടി ബഹിഷ്ക്കരിക്കാൻ നിർദ്ദേശവും നൽകി. കോൺഗ്രസ് സ്വീകരണമെന്നത് കെ പി സി സിയുടെ പൗരസ്വീകരണമെന്ന് പേരിട്ടത് ലീഗിനെ അവസാന ഘട്ടത്തിൽ അനുനയിപ്പിക്കാനുള്ള ശ്രമമായിരുന്നു.എന്നാൽ അണികളിലും നേതാക്കളിലും കടുത്ത പ്രതിഷേധം തുടരുകയാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ജില്ലയിലുൾപ്പെടെ യു ഡി എഫ് നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.എന്നാൽ കേസിൽ അനുകൂല തീരുമാനമുണ്ടായി മണ്ഡലത്തിൽ തിരിച്ചെത്തിയപ്പോൾ ലീഗിനെ ഒപ്പം കൂട്ടാതെ സ്വീകരണമൊരുക്കിയത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് മുതിർന്ന നേതാക്കളും അനുരഞ്ജന ചർച്ചക്കിടെ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. കോൺഗ്രസ് നേതാക്കളെ പരസ്യമായി വിമർശ്ശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും സജീവമായി. സ്വീകരണ പരിപാടിക്ക് ശേഷം പ്രതിഷേധം യു ഡി എഫ് വേദികളിൽ ശക്തമായി ഉന്നയിക്കാനാണ് ലീഗ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here