അബ്ദുൽ റഹീമിന്റെ മോചനം ; ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന്

സൗദി അറേബ്യയിൽ സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന് നടക്കും. ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനം സംബന്ധിച്ച് പബ്ലിക് റൈറ്റ് പ്രകാരം പ്രോസിക്യൂഷന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനുളള ആകാംഷയാണ് അന്തിമ വാദം നടക്കുന്ന ദിവസത്തെ ശ്രദ്ധേയമാക്കുന്നത്. കോടതിയുടെ അപ്പോയ്ന്റ്‌മെന്റ് ലഭിച്ചത് ആശ്വാസകരമാണ് എന്നും സന്തോഷ വാര്‍ത്ത കേള്‍ക്കാനാണ് കാത്തിരിക്കുന്നതെന്നും റഹീം നിയമ സഹായ സമിതി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയയാണ് അടുത്ത സിറ്റിംഗിനുളള തീയതി ലഭിക്കുക എന്നത്. പബ്ലിക് റൈറ്റ് പ്രകാരം തുടര്‍ നടപടികള്‍ എന്ത് സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് ഇ-ഫയലായി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അതീവ താല്‍പര്യത്തോടെയാണ് റഹീമിന്റെ നിയമ നടപടികളില്‍ ഇടപെടുന്നത് എന്ന് സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

ALSO READ : ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി; രാജസ്ഥാനില്‍ അസി. കളക്ടര്‍ മരിച്ചു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ക്ഷേമകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും കഠിന ശ്രമം നടത്തുന്നുണ്ടെന്ന് കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.മരിച്ച സൗദിബാലന്റെ അനന്തരാവകാശികള്‍ പ്രായപൂര്‍ത്തിയാകാൻ കാത്തിരുന്നതാണ് റഹീമിന്റെ ശിക്ഷ നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടത്. ഇത് റഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾക്ക് ആശ്വാസമായി. കുടുംബം മാപ്പ് നല്‍കിയതും 18 വര്‍ഷം തടവില്‍ കഴിഞ്ഞ സാഹചര്യവും പ്രോസിക്യൂഷന്‍ പരിഗണിക്കും.അതുകൊണ്ടുതന്നെ പബ്ലിക് റൈറ്റ് പ്രകാരം കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടില്ലെന്നാണ് നിയമ വിദഗദരുടെ അഭിപ്രായം.

അതേസമയം, റഹീമിന്റെ മോചനത്തിന് പ്രോസിക്യൂഷന്‍ തടസ്സ വാദങ്ങള്‍ ഉന്നയിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് സഹായ സമിതിയും റഹീമിന്റ അഭിഭാഷകനും. അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷ. മോചന ഉത്തരവ് ലഭിച്ചാല്‍ അതിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് അയക്കും. അതിന്‌ശേഷം പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വധശിക്ഷ റദ്ദാക്കിയ വേളയില്‍ തന്നെ ഇന്ത്യന്‍ എംബസി ആറുമാസം കാലാവധിയുളള ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് നേടിയാല്‍ ഉടന്‍ റഹീമിന് രാജ്യം വിടാന്‍ കഴിയും. സുരേന്ദ്രന്‍, നൗഫല്‍ പാലക്കാടന്‍, നാട്ടിലെ നിയമ സഹായ സമിതി പ്രതിനിധി ഷക്കീബ് കൊളക്കാടന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News