മാർച്ച് 23 ഇങ്ക്വിലാബിൻ്റെ ദിനം

മാർച്ച് 23 ഇന്ത്യൻ യുവത്വത്തിന്റെ വിപ്ലവ നിലപാടുകൾ അടയാളപ്പെടുത്തിയ ദിനം. സർദാർ ഭഗത് സിംഗ് ,രാജ് ഗുരു, സുഖ്ദേവ് സിംഗ് എന്നീ ധീരദേശാഭിമാനികളുടെ രക്തസാക്ഷി ദിനം.

1931 മാർച്ച് 23ന്റെ പ്രഭാതത്തിൽ ആരാണ് ആദ്യം കഴുമരച്ചുവട്ടിൽ കയറേണ്ടതെന്നതിനെ പറ്റിയായിരുന്നു ഈ ദേശാഭിമാനികൾക്കിടയിൽ തർക്കം. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്ക് വേണ്ടി സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്ത ധീര ദേശാഭിമാനികൾ മരണത്തിന്റെ മുന്നിലും പതറിയില്ല. ആദ്യം സുഖ്ദേവ് പിന്നെ ഭഗത് സിംഗ് ഒടുവിൽ രാജ് ഗുരു എന്ന ക്രമത്തില്‍ കഴുമരത്തിലേക്കുള്ള ഊഴം തീരുമാനിക്കപ്പെട്ടു . ഈങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി അവര്‍ ജയില്‍ മുറികളില്‍ നിന്നും പുറത്തെത്തി. സഹ തടവുകാരുടെ ഏറ്റുവിളികളില്‍ ജയിലറകൾ പ്രകമ്പനം കൊണ്ടു. കഴുമരത്തിന് മുന്നിൽ കറുത്ത തുണി മുഖത്തിടാൻ അനുവദിക്കാതെ കയർ കുരുക്കുകൾ അവർ സ്വയം കഴുത്തിലണിഞ്ഞു. തൊണ്ട പൊട്ടുമാറുച്ചത്തിൽ “ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ,ബ്രിട്ടിഷുകാർ ഇന്ത്യ വിടുക” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി. നിമിഷങ്ങൾക്കുള്ളിൽ കഴുമരത്തട്ടിന്റെ പലക നീങ്ങി . ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ വിപ്ലവധാരയുടെ ഉലയൂതിക്കത്തിച്ച് അവർ അനശ്വര രക്തസാക്ഷികളായി. അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും ചങ്ങലകൾ മുറുകുമ്പോൾ പൊട്ടിത്തെറിക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ പോരാട്ട പ്രതീകങ്ങളായി ഒൻപത് പതിറ്റാണ്ടിനിപ്പുറവും ഈ ധീരരക്തസാക്ഷികൾ വിപ്ലവതാരകങ്ങളായി ജ്വലിച്ച് നിൽക്കുന്നു.

യഥാർത്ഥത്തിൽ മാർച്ച് 24 ആയിരുന്നു വധശിക്ഷ നടപ്പാക്കേണ്ട ദിവസം. എന്നാൽ രക്തസാക്ഷികൾക്ക് ലഭിക്കാൻ പോകുന്ന പിന്തുണ സർക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഒരു ദിവസം മുൻപേ ശിക്ഷ നടപ്പാക്കുകയായിരുന്നു. ജയിലിലെ ഏറ്റവും ദുഃഖപൂർണമായ ദിവസമായിരുന്നു അത് . ഒരൊറ്റ തടവുകാരനും ഭക്ഷണം പോലും കഴിക്കാനായില്ല . വധശിക്ഷ നടപ്പാക്കിയതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഭഗത് സിംഗിന്റെ അച്ഛനെ സന്ദർശിച്ച ജയിൽ ഉദ്യോഗസ്ഥനായ സാഹിബ് മുഹമ്മദ് അക്ബർ “ഒരു പിടിച്ചോറിനു വേണ്ടി ഞങ്ങൾ അടിമകളായെന്ന്” വിലപിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്തെ വിപ്ലവപോരാട്ടം കൊണ്ട് തകർത്തെറിയാമെന്ന് ഇന്ത്യൻ ജനതയെ സാക്ഷ്യപ്പെടുത്തിയവരായിരുന്നു ഈ ധീര സഖാക്കൾ. ഭഗത്സിംഗ് അടക്കമുള്ള വിപ്ലവകാരികൾ ആ നിലയിൽ കൊല്ലപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വഴി ഒരുപക്ഷെ മറ്റൊന്നായേനെ. തൊഴിലാളിവർഗ്ഗ വിപ്ലവ പോരാട്ടത്തിന്റെ ആശയങ്ങൾ സ്വാധീനിച്ചിരുന്ന ഭഗത്സിംഗ് ആശയപരമായ മൂർച്ച കൂട്ടി പോരാട്ടങ്ങൾക്ക് കൃത്യത വരുത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭഗത്സിംഗിന്റെയും കൂട്ടരുടെയും കമ്യൂണിസ്റ്റ് അനുഭാവവും ആ ആശയധാരയോട് ചേർന്ന് സഞ്ചരിക്കാനുള്ള നീക്കങ്ങളുമായിരിക്കാം ഇവരെ കഴുമരത്തിൽ ഇല്ലാതാക്കാം എന്ന തീരുമാനത്തിലേയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എത്തിച്ചിട്ടുണ്ടാവുക. ശരിയെന്ന് വിശ്വസിച്ച ഒരു വിപ്ലവപദ്ധതിയുടെ പേരിൽ സ്വന്തം ജീവൻ ബലി അർപ്പിക്കേണ്ടി വന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുട്ടുവിറപ്പിച്ചാണ് ഈ പോരാളികൾ തൂക്കുമരത്തിലേക്ക് നടന്നു കയറിയത്.

ഭഗത് സിംഗിന്റെയും രാജ് ഗുരുവിന്റെയും സുഖദേവിന്റെയും രക്തസാക്ഷിത്വത്തിൽ നിന്നും ഉയിർക്കൊണ്ട നിസ്വാർത്ഥതയുടെ, പോരാട്ടത്തിന്റെ ആ ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കം പിന്നീട് രാജ്യത്ത് അനീതിക്കെതിരായ ചെറുത്തു നിൽപ്പിന്റെ മുദ്രാവാക്യമായി പരിണമിച്ചത് ചരിത്രം. ഇന്ത്യൻ തെരുവോരങ്ങൾ അവകാശ പോരാട്ടത്തിനായി ഏറ്റുവിളിക്കുന്ന, അധികാരികളുടെ മുട്ടിടിപ്പിക്കുന്ന മുദ്രാവാക്യമായി ഈങ്ക്വിലാബ് സിന്ദാബാദ് പരിണമിച്ചു. വർഗ്ഗീയതയും ഫാസിസവും കോർപ്പറേറ്റ് ദാസ്യവും അതിന്റെ ഭാഗമായുള്ള അസമത്വവും അടിച്ചമർത്തലും ശക്തമാകുന്ന ഒരു കാലത്ത് സർദാർ ഭഗത് സിംഗ് ,രാജ് ഗുരു, സുഖ്ദേവ് സിംഗ് എന്നീ ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വം പോരാടാനുള്ള ഊർജ്ജമാണ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളുടെ പ്രചോദനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News