ജാലിയൻ വാലാബാഗ്, സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

1919 ഏപ്രിൽ 13. റൗളത്ത് കരിനിയമത്തിന് കീഴിൽ അറസ്റ്റിലായ സെയ്ഫുദ്ദീൻ കിച്ല്യുവിൻ്റെയും സത്യപാലിൻ്റെയും മോചനമാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം. അമൃത്സറിലെ ജാലിയൻ വാലാ ബാഗിൽ പൊതുയോഗം നടത്തി സമാധാന പ്രതിഷേധം അടയാളപ്പെടുത്താനുള്ള തീരുമാനം. നാലിൽ മൂന്ന് ഭാഗത്തും ഉയർന്നുനിൽക്കുന്ന മതിൽക്കെട്ടിനുള്ളിൽ ചരിത്രം ഒരു ചോരപ്പൊട്ടായി കുരുങ്ങി. സമാധാനത്തിന് നേരെ യുദ്ധം ചെയ്യുകയായിരുന്നു ബ്രിട്ടീഷ് പട്ടാളം. പഞ്ചാബ് ലെഫ്റ്റനെൻ്റ് ഗവർണർ മൈക്കൽ ഡയറിൻ്റെ നിർദേശപ്രകാരം ബ്രിഗേഡിയർ ജനറൽ റേജിനാൾഡ് ഡയർ വെടിവെയ്ക്കാൻ ഉത്തരവിട്ടു. 379 പേർ തൽക്ഷണം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ശരിയായ കണക്കുകൾ അതിലും എത്രയോ ഇരട്ടി. 15 മിനിറ്റ് നീണ്ട ക്രൂരകൃത്യം അവസാനിച്ചത് വെടിയുണ്ടകൾ തീർന്നുപോയത് കൊണ്ട് മാത്രം.

ജാലിയൻ വാലാ ബാഗിലെ മണ്ണ് രാജ്യം മുഴുവനുമുള്ള മനുഷ്യർക്ക് സ്വാതന്ത്ര്യ ദാഹമേറ്റി. ചിലരാ മണ്ണ് വാരിയെടുത്ത് ചോര പൊടിഞ്ഞ ഓർമകളെ ജീവിതാന്ത്യം വരെ കൂടെക്കൂട്ടി. ചരിത്രത്തെ തിരുത്തിയെഴുതാൻ അവിടെ ടെക്സ്റ്റൈൽ മാർക്കറ്റ് നിർമ്മിക്കാനുള്ള ബ്രിട്ടീഷ് നീക്കത്തെ പണം പിരിച്ച് ആ മണ്ണ് വാങ്ങിയെടുത്തായിരുന്നു പ്രതിരോധം. കൂട്ടക്കൊലയ്ക്കുള്ള പ്രതികാരം 21 വർഷത്തിന് ശേഷം ഉദ്ധം സിംഗ് എന്ന ഏച്ച്എസ്ആർഎ സമരഭടൻ നിറവേറ്റി. കൂട്ടക്കൊലയ്ക്ക് നിർദ്ദേശം നൽകിയ ജനറൽ മൈക്കൽ ഡയറിനെ ലണ്ടനിലെത്തി വധിച്ചു. രാം മുഹമ്മദ് സിംഗ് ആസാദായി കൊലമരം പൂകി.

എന്നാൽ സ്വാതന്ത്ര്യ ലബ്ധിയുടെ 75 വർഷങ്ങൾക്കിപ്പുറം ചരിത്രത്തെ പേടിക്കുന്നവരുടെ കൈപ്പിടിയിലാണ് ഇന്ത്യൻ ഭരണം. ബ്രിട്ടീഷുകാരെ ഓർമിപ്പിക്കുന്ന വിധത്തിൽ ഉദ്ധം സിംഗിന്റെ ജീവിതത്തെ താഴ്ത്തിക്കെട്ടിയതും ജാലിയൻവാലാബാഗ് ചരിത്രത്തെ മറച്ചുകെട്ടിയതും മറക്കാനാകില്ല. വര്‍ത്തമാനത്തില്‍നിന്ന് ചരിത്രത്തിലേക്ക് ചൂണ്ടയിട്ട് സ്വന്തം ചരിത്രം സൃഷ്ടിച്ചെടുക്കാൻ നോക്കുന്ന സംഘപരിവാരത്തിന് മുമ്പിൽ ഒരിക്കലും വഴങ്ങാത്ത ഓർമയായി തുടരുക തന്നെ ചെയ്യും ജാലിയൻ വാലാ ബാഗ്.

ഹോളോകോസ്റ്റ് മുതൽ ഗുജറാത്ത് വംശഹത്യ വരെ നീളുന്ന ക്രൂരകൃത്യങ്ങൾക്ക് മണ്ണൊരുക്കാൻ ഏകാധിപതികൾ ഈ ബ്രിട്ടീഷുമാതൃക കണ്ട് പഠിച്ചിരിക്കണം. പക്ഷേ, സുവർണക്ഷേത്രത്തിന് ചുറ്റും പരന്നുകിടക്കുന്ന ജാലിയൻ വാലാബാഗ് സ്വാതന്ത്ര്യത്തിൻ്റെ എരിതീയിലേക്ക് എടുത്തുചാടാൻ ചെറുപ്പക്കാർക്ക് കരുത്ത് നൽകി എന്നതാകും ഓർമകളുടെ അക്ഷരാർഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News