പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻഗ്രന്ഥം, ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം. സസ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്.
അര നൂറ്റാണ്ട് കാലത്തെ ഗവേഷണത്തിന്റെ ഫലമായിട്ടാണ് ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ബൃഹത് ഗ്രന്ഥം അദ്ദേഹം മലയാളികളിലേക്കെത്തിച്ചത്. സൈലന്റ് വാലിയിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ഡോ മണിലാല്‍ ദീർഘകാലം ഗവേഷണം നടത്തിയിരുന്നു.
ALSO READ; പാമ്പിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ അന്ത്യം; സജു രാജിന്റെ മരണത്തിന്റെ ഞെട്ടലിൽ നാട്ടുകാർ
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻ ട്രിക്ക് വാൻ റീഡാണ് പതിനേഴാം നൂറ്റാണ്ടിൽ, കേരളത്തിലെ ഔഷധ സസ്യങ്ങളെപറ്റി നാട്ടു ചികിത്സകനായിരുന്ന ഇട്ടി അച്യുതന്റെ സഹായത്തോടെ ലാറ്റിൻ ഭാഷയിൽ 12 വാള്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഔഷധ സസ്യ സമ്പത്തിനെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ഗ്രന്ഥമാണിത്. ഹോളണ്ടിലെ ആംസ്റ്റർഡാമിൽ 1678 ൽ പുസ്തകത്തിന്റെ ആദ്യ വാല്യം അച്ചടിച്ചു. ചരിത്രത്തിലാദ്യമായി മലയാള അക്ഷരങ്ങൾ മുദ്രണം ചെയ്യപ്പെട്ടത് ഈ ഗ്രന്ഥത്തിലാണെന്ന പ്രത്യേകതയുമുണ്ട്.
പറവൂർ വടക്കേക്കരയിലായിരുന്നു 1938 സെപ്റ്റംബര്‍ 17 ന് ഡോ. കെഎസ് മണിലാലിന്‍റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. മധ്യപ്രദേശിലെ സാഗര്‍ സർവകലാശാലയിൽ നിന്ന് 1964 ല്‍ പിഎച്ച്ഡി നേടിയ അദ്ദേഹം 1964 ല്‍ കാലിക്കറ്റ് സെന്ററിൽ ബോട്ടണി വകുപ്പില്‍ അധ്യാപകനായി. പിന്നീട് കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചു. ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ മാനിച്ച് 2020 ലാണ് രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here