മൈതാനത്ത് തൊട്ടതെല്ലാം പൊന്നാക്കിയ പരിശീലകന്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ടി കെ ചാത്തുണ്ണിയുടെ പേരിന് തിളക്കം കൂടുതലാണ്. താരങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ലോക കായിക വേദികളില്‍ അപൂര്‍വമായിട്ടാണ് പരിശീലകര്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാറ്. സര്‍ അലക്‌സ് ഫെര്‍ഗൂസനും, പെപ് ഗാര്‍ഡിയോളയോയും പോലുള്ള ചിലര്‍ മാത്രമാണ് പരിശീലകനെന്ന പേരില്‍ ലോകം കീഴടക്കിയത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നടപ്പുവഴികളില്‍ ചാത്തുണ്ണിയെ നമുക്ക് ഇന്ത്യന്‍ ഫെര്‍ഗൂസനെന്നോ ഇന്ത്യന്‍ ഗാര്‍ഡിയോളയെന്നോ വിളിക്കാം. എത്ര വലിയ താരമായാലും ചാത്തുണ്ണിയുടെ മുന്നില്‍ അച്ചടക്കമുള്ള കുട്ടിയായിരുന്നു. കാര്‍ക്കശ്യം കൊണ്ടല്ല മറിച്ച് സ്‌നേഹം കൊണ്ടും ലാളിത്യം കൊണ്ടുമാണ് ടി കെ ചാത്തുണ്ണി താരങ്ങളുടെ പ്രിയങ്കരനായത്.
ALSO READ:കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍; ഇനി കുറച്ച് വിശ്രമം
ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായിരുന്നു കേരള പൊലീസ്. ടി കെ ചാത്തുണ്ണിയെന്ന പരിശീലകന്റെ മികവാണ് ഒരു സാദാ ഡിപ്പാര്‍ട്ട്‌മെന്റ് ടീം മാത്രമായിരുന്ന കേരള പൊലീസിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റിയത്. ഫെഡറേഷന്‍ കപ്പ് നേട്ടത്തിലൂടെ കേരള പൊലീസ് ഇന്ത്യന്‍ ഫുട്‌ബോളിലെ അത്ഭുതമായി മാറി. കളിക്കാരുടെ പ്രതിഭ തിരിച്ചറിഞ്ഞ് അത് തേച്ച് മിനുക്കിയെടുക്കാനുള്ള ചാത്തുണ്ണിയുടെ മികവ് ഇന്ത്യന്‍ ഫുട്‌ബോളിന് സമ്മാനിച്ചത് ലോക നിലവാരമുള്ള ഒരു പറ്റം കളിക്കാരെയായിരുന്നു. ചാത്തുണ്ണിയുടെ കളരിയിലൂടെയാണ് ഐഎം വിജയന്‍ ഇതിഹാസത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ജോപോള്‍ അഞ്ചേരി, ഷറഫലി കുരികേശ് മാത്യു എന്നിങ്ങനെ ചാത്തുണ്ണി ഊതിക്കാച്ചിയെടുത്തവരെല്ലാം പൊന്നിന്‍ തരികളായിരുന്നു. എന്നെ ഞാനാക്കിയത് ചാത്തുണ്ണിയാണെന്ന വിജയന്റെ വാക്കുകളിലുണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ആരായിരുന്നു ആ മനുഷ്യനെന്ന്.
കേരള പൊലീസില്‍ നിന്ന് കൊല്‍ക്കത്തയിലേയും, ഗോവയിലേയും വമ്പന്‍മാര്‍ ചാത്തുണ്ണിയെ റാഞ്ചി. കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ ക്ലബായി FC കൊച്ചിന്‍ രൂപം കൊണ്ടപ്പോള്‍ മാനേജരായി ടി കെ ചാത്തുണ്ണി തിരികെ കേരളത്തിലെത്തി. ക്ലബിനെ നാഷണല്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയാണ് ഇതിഹാസ പരിശീലകന്‍ വരവറിയിച്ചത്. വിവാ കേരളയെ സംസ്ഥാന പരിശീലകനാക്കിയും അദ്ദേഹം നേട്ടങ്ങളുടെ കൊടി നാട്ടി. ‘ഫുട്‌ബോള്‍ മൈ സോള്‍’ എന്നായിരുന്നു ചാത്തുണ്ണിയുടെ ആത്മകഥയുടെ പേര്. ആ പേര് പോലെ തന്നെ ഫുട്‌ബോള്‍ മാത്രമായിരുന്നു ആ മനുഷ്യന്റെ ജീവിതം. ഒടുവിലിതാ മൈതാനങ്ങളുടെ നാലതിരുകള്‍ വിട്ട് ചാത്തുണ്ണി യാത്ര പറയുകയാണ്, നേട്ടങ്ങളുടെ ചരിത്രങ്ങള്‍ ബാക്കിവെച്ച്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here