സംഗീതത്തിന് മുന്നിൽ തോറ്റു പോകുന്ന രോഗങ്ങളുടേയും വൈകല്യങ്ങളുടെയും കഥകൾ നമുക്ക് പരിചിതമാണ്. അത്തരം ഒരു അനുഭവമാണ് പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കലിന് പറയാനുള്ളത്.
രണ്ടു വർഷം മുൻപ് മുംബൈയിലെത്തിയപ്പോൾ അദ്ദേഹം കൊളാബയിലെ നേവി നഗറിൽ താമസിക്കുന്ന സുഹൃത്തായ മുബൈയിലെ ഡോക് യാർഡ് നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥൻ ദേവൻ പത്മനാഭൻനായരുടെ വീട് സന്ദർശിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഓട്ടിസം ബാധിച്ച കുട്ടിയെ കണ്ടപ്പോഴാണ് തൻ്റെ ഇനിയും കൊതിയോടെ കാത്തിരിക്കാമെന്ന പാട്ടിനെ ഇത്രമേൽ ഇഷ്ടപ്പെട്ട മറ്റൊരു ആരാധകനുണ്ടോയെന്ന് രാജീവ് അദ്ഭുതം കൂറുന്നത്.
ഇപ്പോഴിതാ കല്യാൺ നായർ വെൽഫെയർ അസോസിയേഷന്റെ വാർഷിക പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴും കൊളാബയിലെ തൻ്റെ ആരാധക സുഹൃത്തിനെ കാണാൻ രാജീവ് മറന്നില്ല.എന്നാൽ രാജീവിനെ അത്ഭുതപ്പെടുത്തിയത് തൻ്റെ സുഹൃത്ത് ദേവന്റെ മകൻ ദേവ ദർശൻ ഇഷ്ടങ്ങൾ കേട്ടപ്പോഴാണ്. സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന ഭക്തിഗാനവും, ഇനിയും കൊതിയോടെ കാത്തിരിക്കാമെന്ന ഗാനവുമാണ് ദേവദർശൻ ശീലമാക്കിയിരിക്കുന്നത്. ലോകത്തിലെ മികച്ച പാട്ടുകളെല്ലാം തിരഞ്ഞെടുത്ത് കേൾക്കുന്ന ശീലവും ദേവദർശനുണ്ട് . എന്നാൽ ഈ രണ്ടു ഗാനങ്ങളും നിരന്തരം ആസ്വദിച്ചാണ് ദേവദാസിന്റെ ദിവസങ്ങൾ കടന്നു പോകുന്നത്.
പണ്ട് എപ്പോഴോ എഴുതിയ തൻ്റെ പാട്ടുകളോടുള്ള ഒരു കുട്ടിയുടെ അടങ്ങാത്ത അഭിനിവേശം കണ്ടപ്പോഴാണ് തന്റെ രചനയുടെ പുണ്യം തിരിച്ചറിഞ്ഞതെന്ന് ശ്രദ്ധേയനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കൽ പറഞ്ഞു.രാജീവ് ആലുങ്കലിന്റെ ഒട്ടുമിക്ക മലയാളം ഗാനങ്ങളുടെ ആരാധകനായ ദേവദർശൻ ഓരോ പാട്ടുകളും മറ്റാരുടേയും സഹായമില്ലാതെ സ്വയം റിമോർട്ടിൽ തിരഞ്ഞ് കാണാറാണ് പതിവ്. തന്റെ ഇഷ്ടഗാനരചയിതാവായ രാജീവ് ആലുങ്കലിനെ ആദ്യം കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാതെ പോയ വിഷമം മറച്ചുവയ്ക്കാതെ രണ്ടു വർഷങ്ങൾക്കു ശേഷം മാപ്പു ചോദിച്ചാണ് ദേവദർശൻ സ്വഭവനത്തിലേയ്ക്ക് വരവേറ്റത്. പലവട്ടം കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. രചയിതാവിന്റെ അടുത്തിരുന്ന് പലവട്ടം ഇഷ്ടഗാനങ്ങൾ കേട്ടു. ഒരുമിച്ച് ഭക്ഷണം കഴിച്ചു.
സാധാരണ മനുഷ്യരേക്കാൾ വിവേചന ബുദ്ധിയും,കലാസ്വാദന ശേഷിയും,ഗുരുത്വവുമുള്ള മകൻ കുടുംബത്തിന്റെ പുണ്യമാണെന്ന് ദേവൻനായർ പറഞ്ഞു. നവംബറിൽ മുംബൈയിൽ നടക്കുന്ന ദേവദർശന്റെ സഹോദരിയുടെ വിവാഹത്തിനുള്ള ക്ഷണം സ്വീകരിച്ചാണ് രാജീവ് ആലുങ്കൽ മടങ്ങിയത്.ആസ്വാദനത്തിനപ്പുറം ഒരു മനസ്സിലെങ്കിലും തൻ്റെ ഗാനങ്ങൾക്ക് സന്തോഷം പകരാൻ കഴിയുന്നു എന്ന ചാരിതാർത്ഥ്യത്തിലാണ് നിരവധി ഹിറ്റ് സിനിമാ ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ രാജീവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here