പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. 2018ല്‍ പാര്‍ലമെന്റില്‍ വച്ച് തന്നെ ശൂര്‍പ്പണഖ എന്ന് വിളിച്ച് മോദി അപമാനിച്ചു എന്നും തന്റെ പരാതിയില്‍ കോടതി എത്ര വേഗം പ്രവര്‍ത്തിക്കുമെന്ന് കാണാമെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വിഡിയോയും അവര്‍ പങ്കുവച്ചു.
മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വര്‍ഷം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രേണുക, മോദിക്കെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിത്.
അതേസമയം, മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഉടന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ പി ചിദംബരം, മനു അഭിഷേക് സിങ് വി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി. അതേസമയം വിധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ഇന്ന് രാവിലെ 11.30ന് വിജയ് ചൗക്കില്‍ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്താന്‍ സമയം തേടും. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തയാറെടുക്കുകയാണ്. സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കാന്‍ പിസിസികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
2019 ഏപ്രില്‍ 13-ന് കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here