മുംബൈ നഗരം വേനൽ ചൂടിൽ വെന്തുരുകയാണ്. ഉയർന്ന താപ നില മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയും ഇഴ ജന്തുക്കളെയുമാണ് ബാധിക്കുന്നത്. കനത്ത ചൂടിൽ നിന്നും രക്ഷ നേടാൻ പലപ്പോഴും ഇവയെല്ലാം അഭയം തേടുന്നത് താമസ സ്ഥലങ്ങളിലാണ്. ഇത്തരം അവസ്ഥകളിൽ പലപ്പോഴും ഭീതി മൂലം ഇവയെ ഉപദ്രിവിച്ച് ഓടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്യുകയാണ് പതിവ്. അവിടെയാണ് പ്ലാൻ്റ് ആൻഡ് അനിമൽസ് വെൽഫെയർ സൊസൈറ്റിയും ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ആനിമൽ പ്രൊട്ടക്ഷൻ പ്രവർത്തകരും ശ്രദ്ധനേടുന്നത്.
അടുത്തിടെ മുംബൈയിലെ അമ്മ കെയർ ഫൗണ്ടേഷനുമായി ചേർന്ന് ഈ സംഘടനകളിലെ സന്നദ്ധപ്രവർത്തകരുടെയും വെറ്ററിനറിയുടെയും സംഘം നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു. ദുരിതത്തിലായ മൃഗങ്ങളെയും പക്ഷികളെയും ഇഴ ജന്തുക്കളെയുമാണ് രക്ഷിച്ചത്. താമസസ്ഥലങ്ങളിൽ അഭയം തേടിയ പക്ഷികളെയും പാമ്പുകളെയുമാണ് സംഘം രക്ഷപെടാൻ സഹായിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു ദൗത്യമെന്ന് ഓണററി വൈൽഡ് ലൈഫ് വാർഡനും എൻജിഒയുടെ പ്രതിനിധിയുമായ സുനിഷ് സുബ്രഹ്മണ്യൻ കുഞ്ഞ് പറയുന്നു.
വംശനാശഭീഷണി നേരിടുന്ന മൂന്ന് കടലാമകളെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാല്പത് ഡിഗ്രിക്ക് മുകളിലായിരുന്നു താപനില. മൃഗങ്ങൾക്കും പക്ഷികൾക്കുമായി വെള്ളവും ഭക്ഷണവും സൂക്ഷിക്കണമെന്നും സുനീഷ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്ലാൻ്റ് ആൻഡ് അനിമൽസ് വെൽഫെയർ സൊസൈറ്റി, ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ആനിമൽ പ്രൊട്ടക്ഷൻ എന്നീ സന്നദ്ധ സംഘടനകളുടെ സ്ഥാപകനാണ് സുനീഷ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വന്യജീവി രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുനീഷ് ഈ മേഖലയിൽ നിരവധി അംഗീകാരങ്ങൾ നേടിയ മലയാളിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here