ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ തുല്ല്യമായ അളവിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനെതിരേ നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ തന്നെ ഇറാൻ ഇസ്രയേലിന് നല്‍കിയിരുന്നു.
അതേസമയം ഇറാനില്‍ ശനിയാഴ്ച നടത്തിയ വ്യോമാക്രമണം അവസാനിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും, ഒക്ടോബർ മാസത്തിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ആക്രമണമെന്നും ഇസ്രയേല്‍ അറിയിച്ചു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നേരിടാനുള്ള ജാഗ്രതയിലാണ് ഇസ്രയേല്‍ പ്രതിരോധസേന.
ശനിയാഴ്ച രാവിലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമുണ്ടായത്. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി. ടെഹ്‌റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമണങ്ങളുണ്ടായി.
ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180- ലധികം മിസൈലുകള്‍ തൊടുത്തിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്.
ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here