രാജ്യത്തിൻറെ സൈനിക ശക്തി വിളിച്ചോതി ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ സൈനിക ശക്തിയും കരുത്തും സാംസ്‌കാരികതയും വിളിച്ചോതി തലസ്ഥാന നഗരിയില്‍ റിപ്പബ്ലിക് ദിനാഘോഷം. കര്‍ത്തവ്യ പഥില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ധീരജവാന്മാര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ സംസ്ഥാനങ്ങളുടെ പ്ലോട്ടുകളും കലാപരിപാടികളും സൈനിക പരേഡും ബാന്‍ഡുകളുമായി വര്‍ണാഭമായിരുന്നു ദില്ലിയിലെ ആഘോഷപരിപാടികള്‍.

Also Read: ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ: മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചുകൊണ്ടായിരുന്നു 75മത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു മുഖ്യാതിഥി. 100 വനിതകള്‍ അണിനിരന്ന വിവിധ വാദ്യോപകരണങ്ങളുടെ സമന്വയ സംഗീതത്തോടെ റിപ്പബ്ലിക് പരേഡിന്റെ വര്‍ണാഭമായ തുടക്കം. സംയുക്തസൈനിക മേധാവികള്‍ രാഷ്ട്രപതിയില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന കര, വ്യോമ, നാവിക സേനകളുടെ കരുത്തും ആയുധശേഷിയും തെളിയിക്കുന്ന മാര്‍ച്ച് പാസ്റ്റും സൈനിക അഭ്യാസങ്ങളും.

Also Read: മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ല, അത്തരമൊരു രാഷ്ട്രം അതിവേഗം ഛിന്നഭിന്നമാകും: മന്ത്രി കെ രാജൻ

16 സംസ്ഥാനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്ലോട്ടുകളും മുഖ്യാകര്‍ഷണമായി. അരുണാചല്‍ പ്രദേശ്, ഹരിയാന, മണിപ്പുര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ പ്ലോട്ടുകള്‍ വര്‍ണാഭമായി. ഭരണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ദിനത്തിലും അയോധ്യാവിഷയം പ്രമേയമാക്കിയ ഉത്തര്‍പ്രദേശിന്റെ പ്ലോട്ടും ഇടംപിടിച്ചു. ചന്ദ്രയാന്‍ മൂന്നുമായി ഐഎസ്ആര്‍ഒയും ജി 20യുമായി വിദേശകാര്യമന്ത്രാലയത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിശ്ചലദൃശ്യങ്ങള്‍. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍. രണ്ട് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 54 എയര്‍ക്രാഫ്റ്റുകള്‍ അണിനിരന്ന വ്യോമസേനയുടെ ആകാശത്തിലെ അഭ്യാസപ്രകടനങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News