ചൈനാ വിരുദ്ധ വികാരം പടർത്തി തെരഞ്ഞെടുപ്പ് വിജയിക്കാന്‍ അമേരിക്കയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ

ചൈനാ വിരുദ്ധ വികാരം പടർത്തി തെരഞ്ഞെടുപ്പ് ജയിച്ചു കയറാനുള്ള നീക്കവുമായി അമേരിക്കയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ. കാര്യസാധ്യത്തിനായി ചൈനയെ പൊതുശത്രുവാക്കി മാറ്റുന്ന ഉപായം എല്ലാ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും ഏറ്റെടുത്ത് കഴിഞ്ഞു. ബൈഡനെ തോൽപ്പിക്കാൻ ചൈനയെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യമെന്ന് ജനങ്ങളും ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള പ്രസിഡണ്ട് ജോ ബൈഡനെ നേരിടാനാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ചൈനയെ പൊതുശത്രുവാക്കി മാറ്റാനുള്ള നീക്കം നടത്തുന്നത്. ബൈഡൻ ചൈനയോട് അടുക്കുകയാണെന്നും അത് നമ്മുടെ രാജ്യത്തിന് അപകടകരമാണെന്നും പ്രചരണ പോസ്റ്ററുകളിലും ഡിജിറ്റൽ പരസ്യങ്ങളിലും എഴുതി നിറയ്ക്കുകയാണ് റിപ്പബ്ലിക്കന്മാർ. സ്വന്തം പാർട്ടിയിലെ തെരഞ്ഞെടുപ്പും അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പും ജയിച്ചു കയറാൻ നിരന്തരം ചൈനയ്ക്കെതിരെ ആക്ഷേപം ഉയർത്തുകയാണ് റിപ്പബ്ലിക്കൻ നേതാക്കൾ.
കഴിഞ്ഞദിവസം റിപ്പബ്ലിക്കൻ സ്ഥാനാർഥി റോൺ ഡെസാൻ്റിസ് നടത്തിയ 20 മിനിറ്റ് സാമ്പത്തിക നയപ്രസംഗത്തിൽ 11 തവണയാണ് ചൈനയെ പറ്റി പറഞ്ഞത്. ചൈന അമേരിക്കയുടെ തൊഴിലുകൾ മോഷ്ടിക്കുകയാണ് എന്നാണ് ഒരു കണക്കും ജനങ്ങൾക്ക് മുന്നിൽ നിരത്താതെയുള്ള ഡെസാൻ്റിസിൻ്റെ ആരോപണം. ഒരു പടി കൂടി കടന്ന്, ലോകയുദ്ധങ്ങൾക്ക് ശേഷം അമേരിക്കയുടെ ഏറ്റവും വലിയ ശത്രു എന്ന വിശേഷണം ചൈനയ്ക്ക് നൽകി കഴിഞ്ഞു നിക്കി ഹാലിയും. അമേരിക്കൻ നീതിന്യായ വകുപ്പ് തന്നെ വേട്ടയാടുന്നത് കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് രാജ്യത്തെ വിൽക്കാൻ ശ്രമിക്കുന്നതിനാലാണ് എന്നാണ് സാക്ഷാൽ ഡൊണാൾഡ് ട്രംപിന്റെ ലേഖനം. ടീം സ്കോട്ട്, മൈക് പെൻസ് തുടങ്ങിയ സ്ഥാനാർത്ഥികളും ടിക്ടോക്ക്, ചാരബലൂൺ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കാനുള്ള തീവ്രശ്രമത്തിലാണ്.
പൊതുശത്രുവിനെ നിർമ്മിച്ചെടുത്ത് ജനങ്ങളെ അതിലേക്ക് ശ്രദ്ധ പതിപ്പിച്ച് പേടിപ്പിച്ച് എളുപ്പത്തിൽ തെരഞ്ഞെടുപ്പ് ജയിച്ചുകയറാനുള്ള നീക്കമായാണ് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ വലതുപക്ഷ ഉപായത്തിൽ പൊതുശത്രുവിനെ കൂടുതൽ ആക്ഷേപിക്കുന്നത് ആരാണോ അവർ ജയിക്കുമെന്നതിനാൽ ചൈനക്കെതിരെ കുറ്റപ്പെടുത്തൽ കടുപ്പിക്കാനാണ് ട്രംപ് അടക്കമുള്ളവരുടെ നീക്കം. ബൈഡനെ തോൽപ്പിക്കാൻ ചൈനയെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യമെന്ന് ജനങ്ങളും ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News