കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ ജീവൻ വില നൽകി രക്ഷിച്ച് എട്ടു വയസ്സുകാരി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അതിസാഹസികമായി അനുജൻ ഇവാന്റെ ജീവൻ രക്ഷിച്ചത്. കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് രക്ഷിക്കുകയായിരുന്നു ദിയ. ആലപ്പുഴയിലാണ് സംഭവം.
അമ്മ ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയുടെയും അനുജത്തിയുടെയും കണ്ണു വെട്ടിച്ചാണ് ഇതിനിടക്ക് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളിൽ കയറിയത്.
തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെ കണ്ട ദിയ പിന്നെ ഒന്നും നോക്കിയില്ല. കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി ഇവാനെ പിടിച്ചുയർത്തി മാറോടു ചേർത്തു. മറ്റേ കൈകൊണ്ടു പൈപ്പിൽ പിടിച്ചു കിടന്നു. കുട്ടികളുടെ അമ്മയുടെ നിലവിളി കേട്ട് വന്ന അയൽവാസികൾ കുട്ടികളെ കിണറ്റിൽ നിന്നും രക്ഷിച്ചു. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദിയ. തലയിൽ ചെറിയ മുറിവേറ്റ ഇവാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.പേടി വേണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here