സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വേഗത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഗവേഷണ നയം രൂപീകരിക്കുന്നത്. ഗവേഷണ രംഗത്ത് ഏറെ സഹായകരമായ ഗവേഷണ പോളിസി എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ആരോഗ്യ സര്‍വകലാശാലയുടെ ദീര്‍ഘകാല സ്വപ്നമാണ് സ്വന്തം കെട്ടിടത്തിലൂടെ സാക്ഷാത്കരിച്ചത്. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടുപയോഗിച്ച് 28 കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ:‘കേരളത്തിന് പുറത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്ന കാലഘട്ടമാണിത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മെഡിക്കല്‍ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കി. നഴ്സിംഗ് മേഖലയില്‍ 7 സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചു. കൂടാതെ സിമെറ്റിന്റെ കീഴിലും സീപാസിന്റെ കീഴിലും നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചു. 2500 ഓളം നഴ്സിംഗ് സീറ്റുകള്‍ ഈ രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ പുതുതായി അനുവദിച്ചു. പിജി സീറ്റുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ചു. അടുത്തിടെ 270 ഡോക്ടര്‍മാരെ ഒരുമിച്ച് നിയമിച്ചു.

ആരോഗ്യ രംഗത്ത് ആഗോള ബ്രാന്‍ഡായിട്ടുള്ള എല്ലാ മേഖലകളിലും നമ്മള്‍ എത്തപ്പെടണം എന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആദ്യമായി ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു. ഇത്തവണ റാങ്കിംഗില്‍ കൂടുതല്‍ മുന്നേറാനാണ് ശ്രമിക്കുന്നത്. വര്‍ത്തമാന കാലഘട്ടത്തെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് അവ നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് കഴിയും. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ്, പബ്ലിക് ഹെല്‍ത്ത് കേഡര്‍ എന്നിവ രൂപീകരിക്കുന്നതിന് മതിയായ കോഴ്സുകള്‍ ആരംഭിക്കും

ALSO READ:പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം: മന്ത്രി വി ശിവന്‍കുട്ടി

തിരുവിതാംകൂര്‍, മദിരാശി പൊതുജനാരോഗ്യ നിയമങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുതിയകാല വ്യത്യസ്ത ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. ജന്തുജന്യ രോഗങ്ങളുടെ ഭീഷണിയുമുണ്ട്. ഇത് മുന്നില്‍ കണ്ട് വണ്‍ ഹെല്‍ത്ത് നടപ്പിലാക്കി. ഈ കാലഘട്ടത്തിന് അനുസൃതമായി ഒരു നിയമം വേണമെന്ന് കണ്ടാണ് പൊതുജനാരോഗ്യ ബില്‍ അവതരിപ്പിച്ചത്. അതിന്റെ ചട്ട രൂപീകരണത്തിനുള്ള നടപടി സ്വീകരിച്ചു വരുന്നു. ആരോഗ്യ അടിയന്തരാവസ്ഥയുണ്ടായാല്‍ നേരിടാനുള്ള സമഗ്രമായ നിയമമാണ് നിലവില്‍ വന്നിട്ടുള്ളത്. നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ഡേറ്റകളുണ്ട്. ഈ ഡേറ്റകള്‍ ഏകോപിപ്പിച്ച് ആരോഗ്യ മേഖലയ്ക്ക് ഉതകുന്ന പ്രോജക്ടുകള്‍ തയ്യാറാക്കും. മെഡിക്കല്‍ കോളേജ് കാമ്പസില്‍ വലിയ രീതിയില്‍ മാറ്റം വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എംകെസി നായര്‍, സി.പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയര്‍ ജേക്കബ് വര്‍ഗീസ്, എക്സി. എഞ്ചിനീയര്‍ ടി. റഷീദ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസ്, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖാ നായര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News