പാരിസ് ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ട ശേഷം തിരികെ രാജ്യത്തെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഒരു സ്വർണ്ണ മെഡൽ നേടിയ താരത്തിന് എങ്ങനെയാണോ സ്വീകരണം നൽകുക അതേ രീതിയിൽ തന്നെയാണ് ഇന്ത്യക്കാർ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വരവേറ്റത്. നൽകിയ പിന്തുണയ്‌ക്കെല്ലാം ഏവരോടും നന്ദിയും താരം രേഖപ്പെടുത്തി. ഇപ്പോഴിതാ ഹരിയാനയിൽ താരം പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
“എൻ്റെ പോരാട്ടം അവസാനിച്ചിട്ടില്ല, അത് ആരംഭിച്ചതേയുള്ളൂ. പെൺകുട്ടികളുടെ അഭിമാനത്തിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ സമരത്തിലും ഇത് തന്നെയാണ് ഞങ്ങൾ പറഞ്ഞത്.”- എന്നായിരുന്നു വിനേഷിന്റെ വാക്കുകൾ. സ്വദേശമായ ഹരിയാനയിലെത്തിയ വിനേഷിന് ഹരിയാന സാർവ്ഖപ്പ് പഞ്ചായത്ത് സ്വർണ്ണ മെഡൽ സമ്മാനിച്ചിരുന്നു. ഈ വേളയിലായിരുന്നു താരത്തിന്റെ പ്രതികരണം.
പാരീസിൽ മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ, താൻ വളരെ നിർഭാഗ്യവാനാണെന്ന് കരുതിയിരുന്നുവെന്നും എന്നാൽ താൻ വളരെ ഭാഗ്യവാനാണെന്ന് തിരികെ നാട്ടിലെത്തിയപ്പോൾ ലഭിച്ച സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും മനസ്സിലായെന്നും ഏത് മെഡലിനും മേലെയുള്ള ഈ ബഹുമതിക്ക് എന്നേക്കും കടപ്പെട്ടിരിക്കും എന്നും അവർ പറഞ്ഞു.
മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ചരൺ സിങ്ങിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർത്തിയ ശേഷം സമര രംഗത്ത് ശക്തമായ പ്രതിഷേധം കാഴ്ചവെച്ച താരമാണ് വിനേഷ്.
അടുത്തിടെ നടന്ന പാരിസ് ഒളിംപിക്സിൽ 50 കിലോ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഫൈനലിലെത്തിയെങ്കിലും ശരീര ഭാരത്തിൽ 100 ഗ്രാം അധികമായി രേഖപ്പെടുത്തിയതോടെ അയോഗ്യയാക്കപെടുകയായിരുന്നു. വളരെ പ്രതീക്ഷയോടെ ഇന്ത്യക്കാർ ഉറ്റുനോക്കിയ മത്സരത്തിൽ നിന്നും താരത്തിനെ പുറത്താക്കപ്പെട്ടതോടെ ഏവരും വലിയ നിരാശയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here