ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുക, കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കുക: എ എ റഹീം എം പി

പാര്‍ലമെന്റില്‍ അവതരിപ്പിച്ച കശ്മീര്‍ പുന:സംഘടന ഭേദഗതി ബില്‍ സ്വയം പരാജിതരായെന്ന കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതമാണെന്നും അടിയന്തിരമായി ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും എ എ റഹീം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം പി.

ആര്‍ട്ടിക്കിള്‍ 370 നിരോധിക്കുന്ന വേളയില്‍ കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുമെന്നും അത് വഴി രാജ്യസുരക്ഷ ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ധീര ജവാന്മാര്‍ വീരമൃത്യു വരിച്ചു എന്ന് കേള്‍ക്കാത്ത സന്ദര്‍ഭങ്ങള്‍ വിരളമാണെന്നും എം പി ചൂണ്ടിക്കാട്ടി.

Also Read: ജമ്മുകശ്മീര്‍ പ്രത്യേക പദവി; സുപ്രീം കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ബില്‍ പ്രകാരം ലഫ്. ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് ആളുകളെ നാമ നിര്‍ദ്ദേശം ചെയ്യാം. നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട ആള്‍ വീണ്ടും ആള്‍ക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നത് വിരോധാഭാസമാണെന്നും, ജമ്മു കാശ്മീരില്‍ ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ ബിജെപിയെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയും എന്ന ഭയമാണ് ഇങ്ങനെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നതെന്നും എം പി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ഒരു തവണ മാത്രമേ ആക്രമിക്കപ്പെട്ടിട്ടുള്ളു. അത് ബിജെപിയുടെ ഭരണകാലത്താണ്. 2016 ജനുവരിയില്‍ ആദ്യമായി നമ്മുടെ എയര്‍ ബേസ് ആക്രമിക്കപ്പെട്ടു. 2018 സെപ്റ്റംബറില്‍ ഉറിയിലെ ആക്രമണം. ബിജെപി സര്‍ക്കാരിന് ദേശസുരക്ഷയെ പറ്റി പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും, ബിജെപിക്ക് കീഴില്‍ രാജ്യം അതീവ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്നും എ എ റഹീം എം പി അഭിപ്രായപ്പെട്ടു.

Also Read: ഇടുക്കി നവകേരള സദസില്‍ ജനസാഗരം; ഫോട്ടോ ഗ്യാലറി

കാശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്നും, അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും , ഭരണഘടനാ വിരുദ്ധമായ ഈ ബില്‍ രാജ്യസഭ തള്ളിക്കളയണമെന്നും ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News