തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി. വിശ്വ പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യം കൈമുതലാക്കിയ ഇതിഹാസ കലാകാരനായിരുന്നു സാക്കിർ ഹുസൈനെന്നും അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ മറക്കാനാകാത്തതാണെന്നും റസൂൽ പൂക്കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.
ഞങ്ങളൊക്കെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത് തന്നെ ലോകമറിയപ്പെടുന്ന തബലിസ്റ്റായിരുന്നു അദ്ദേഹമെന്നും അക്കാലത്ത് തന്നെ അപ്പോക്കലിപ്സ് നൗ പോലെയുള്ള ഹോളിവുഡ് സിനിമകളുടെ ഭാഗമാകാൻ കഴിയുന്ന തരത്തിലേക്ക് വളർന്ന ഏക ഇന്ത്യൻ സംഗീത കലാകാരനും ഉസ്താദ് സാക്കിർ ഹുസൈൻ മാത്രമായിരുന്നെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
ALSO READ; ആ താളം നിലച്ചു; തബല മാന്ത്രികൻ സാക്കിർ ഹുസൈന് വിട
തന്‍റെ കരിയറിന്‍റെ തുടക്ക കാലത്ത് തന്നെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായിട്ടുണ്ട്. ലോകം അറിയപ്പെടുന്ന കലാകാരനായിട്ടു പോലും അദ്ദേഹത്തിന്‍റെ പെരുമാറ്റവും സൗമ്യതയും ഒരു ആർട്ടിസ്റ്റ് എങ്ങനെ ആയിരിക്കണമെന്നതിന്‍റെ ഉദാഹരണമായിരുന്നു എന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ഒരു കലാകാരൻ എന്നതിനപ്പുറം മറ്റുള്ളവരെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു സാക്കിർ ഹുസൈൻ.
അത് തങ്ങളുടെ വർഷങ്ങൾ നീണ്ട സുഹൃത് ബന്ധത്തിനിടെ പലപ്പോഴായി അനുഭവിച്ചറിഞ്ഞതാണെന്നും റസൂൽ പൂക്കുട്ടി സ്മരിച്ചു. ഇന്ത്യയുടെ സാംസ്കാരിക പ്രതിനിധിയായി ലോകം സ്വീകരിച്ച വ്യക്തിയെയാണ് നമ്മൾക്ക് നഷ്ടമായിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെയാണ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വച്ച് അന്തരിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്‌ച രാവിലെ അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് തവണ ഗ്രാമി പുരസ്കാരം നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി സാക്കിർ ഹുസൈനെ ആദരിച്ചിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here