ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു, കേന്ദ്രത്തിന്‍റേത് കൊടുംക്രൂരതയെന്ന് ജോണ്‍ ബ്രിട്ടാസ്

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കരാര്‍ ജീവനക്കാരെയാണ് ലക്ഷദ്വീപില്‍ പിരിച്ചുവിട്ടത്. 2020ല്‍ 15 ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ 2021ല്‍ 617 പേരെ പിരിച്ചുവിട്ടു. 2022ല്‍ 25 സ്ഥിരം ജീവനക്കാരെയും 279 കരാര്‍ ജീവനക്കാരെയും പുറത്താക്കി. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ മറുപടിയാണ് ഇത്.

ദ്വീപ് ജനതയോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന നീതി കേടിന്റെ നേര്‍ക്കാഴ്ചയാണ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ മത്സ്യബന്ധനവും സര്‍ക്കാര്‍ ജോലികളില്‍ നിന്നുള്ള വരുമാനവുമാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടല്‍ നടപടി ദ്വീപിലെ സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നതാണ്.

വരുമാനം ഇല്ലാതാകുന്നതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനൊപ്പം നിര്‍മ്മാണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും മത്സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ, റേഷന്‍, പഞ്ചസാര, ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയക്കുള്ള ഇളവുകള്‍ ഇല്ലാതാക്കിയും ദ്വീപ് നിവാസികളോട് പകപോക്കല്‍ എന്ന നിലയിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ദ്വീപ് നിവാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ലക്ഷദ്വീപ് ഭരണകൂടം പിന്നോട്ട് പോകണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ കേന്ദ്രം നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ മുമ്പും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനെതിരെ പ്രതികരിച്ചവരെ രാജ്യദ്രോഹ കേസുകളില്‍ കുടുക്കുന്ന സാഹചര്യവും ഉണ്ടായി. ദ്വീപിനെ അസ്വസ്ഥമാക്കിയ ആ സംഭവങ്ങളുടെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുള്ള കൊടുംക്രൂരമായ നടപടിയും ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News