കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രതൃേക പദ്ധതി തന്നെ റവന്യൂ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീ.എൻ.കെ.അക്‌ബർ. എം.എൽ.എ ഉന്നയിച്ച സബ് മിഷനുള്ള മറുപടിയായി സഭയിൽ അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ കടപ്പുറം, മണത്തല, പുന്നയൂർ, പുന്നയൂർക്കുളം വില്ലേജുകളിലെ അണ്‍ സര്‍വ്വേയ്ഡ് കടൽ പുറമ്പോക്കിൽ താമസിയ്ക്കുന്നവരുമായി ബന്ധപ്പെട്ട വിഷയമാണ് എൻ.കെ.അക്‌ബർ. എം.എൽ.എ ഉന്നയിച്ചത്.
Also Read: മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
കേരള ഗവൺമെൻ്റ് ഭൂമി പതിച്ചു നൽകൽ ആക്ട് 1960″ -ന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രദേശങ്ങളിലുളള സർക്കാർ ഭൂമിക്ക് “1964 ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ” പ്രകാരവും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിലെ സർക്കാർ ഭൂമിക്ക് “1995-ലെ കേരള മുനിസിപ്പൽ – കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നൽകുന്നതു സംബന്ധിച്ച ചട്ടങ്ങൾ” പ്രകാരവുമാണ് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നത്.
Also Read: സ്പോട്ട് ബുക്കിംഗ് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
പ്രസ്തുത ചട്ടങ്ങൾ പ്രകാരം കടൽ, കനാൽ, തോട്, റോഡ് മുതലായവയുടെ പുറമ്പോക്കുകളും അവയോട് ചേർന്ന് വരുന്ന മറ്റ് പുറമ്പോക്കുകളും പതിച്ച് നൽകുന്നതിന് നിയമപരമായ ചില തടസ്സങ്ങളുണ്ട്.
തുറമുഖ പരിധിക്കുള്ളിലെ സ്ഥലങ്ങൾ, ജലപാതകളുടെ വശങ്ങളിൽ നിന്നും 3.017 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ, തടങ്ങളില്ലാത്ത ജലസേചന പതാകളിൽ നിന്നും 20.117 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ, അപ്രധാന ജലസേചന മാർഗ്ഗങ്ങളിലെ 4 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ, തടങ്ങളുളള ജലസേചന മാർഗ്ഗങ്ങളുടെ 3.017 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ, കടൽത്തീരത്തിനടുത്ത് സമുദ്രത്തിലെ ഉയർന്ന ജലനിരപ്പിൽ നിന്നും 30.480 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ എന്നിവ 1964 ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ 11(2)(v) പ്രകാരവും, 1995-ലെ കേരള മുനിസിപ്പൽ – കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നൽകുന്നതു സംബന്ധിച്ച ചട്ടങ്ങൾ 6(2)(v) പ്രകാരവും പതിച്ച് നൽകുവാൻ പാടില്ലാത്തതാണ്. അതായത് മേൽപറഞ്ഞ ദൂരപരിധിക്ക് പുറത്തുള്ള പുറമ്പോക്കുകൾ പതിച്ച് നൽകാവുന്നതാണ്. ഇത് കണക്കിലെടുത്തുകൊണ്ട് കടൽ പുറമ്പോക്കുകളിൽ താമസിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് പട്ടയം നൽകുന്നതിനുള്ള ഒട്ടേറെ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ചു വരികയാണ്. മേൽപറഞ്ഞ ദൂരപരിധിക്കു പുറത്തുള്ള സ്ഥലങ്ങൾ സർവ്വെ ചെയ്ത് കടൽ പുറമ്പോക്കുകൾ എന്ന വിഭാഗത്തിൽ നിന്നും ഒഴിവാക്കി അർഹരായവർക്ക് പതിച്ചു നൽകാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം അനുഗ്രഹ നഗർ, സെഞ്ച്വറി നഗർ എന്നിവിടങ്ങളിലെ കടൽ പുറമ്പോക്കിൽ താമസിച്ച് വന്ന മത്സ്യത്തൊഴിലാളികളുടെ ദീർഘകാലമായുള്ള പട്ടയ പ്രശ്നം, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പതിറ്റാണ്ടുകളായുള്ള പട്ടയ പ്രശ്നം എന്നിവ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ മാതൃക മറ്റു കടൽ പുറമ്പോക്കുകളിലും സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ കടപ്പുറം, മണത്തല, പുന്നയൂർ, പുന്നയൂർക്കുളം വില്ലേജുകളിലെ കടൽപ്പുറമ്പോക്കിൽ താമസിച്ച് വരുന്നവരുടെ കൈവശ ഭൂമികൾ പൂർണ്ണമായും CRZ പരിധിയിൽ ഉൾപ്പെടുന്നവയാണെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. CRZ മേഖലയിൽ പെട്ടു എന്നുള്ളതുകൊണ്ട് ഭൂമി പതിച്ചു നൽകുന്നതിന് നിയമ തടസ്സമില്ല. എന്നാൽ ഇത്തരം സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ CRZ നിബന്ധനകൾ ബാധകമാകും എന്നതാണ് പ്രശ്നം. CRZ മേഖലയിലെ നിർമ്മിതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ഇളവുകൾ വരുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാനാകും.
ബഹു. അംഗം ഉന്നയിച്ച തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ കടപ്പുറം, മണത്തല, പുന്നയൂർ, പുന്നയൂർക്കുളം വില്ലേജുകളിലെ അണ്‍ സര്‍വ്വേയ്ഡ് കടൽ പുറമ്പോക്ക് 1961-ലെ സർവേ & ബൗണ്ടറീസ് ആക്ട് ആക്ട് സെക്ഷൻ 3, 4 പ്രകാരം സർവ്വേ ചെയ്യുന്നതിനായുള്ള കരട് വിജ്ഞാപനം തയ്യാറാക്കി സമർപ്പിയ്ക്കാന്‍ തൃശ്ശൂർ ജില്ലാ കളക്ടർക്ക്, ലാന്റ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ തുടർ നടപടികളും കാലതാമസം കൂടാതെ സ്വീകരിയ്ക്കുന്നതാണ് എന്ന വിവരം സഭയെ അറിയിക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here