ജീവിച്ച് കഴിഞ്ഞ സമയങ്ങൾ പിന്നീടൊന്ന് ഓർത്തുനോക്കിയിട്ടുണ്ടോ ?, ലൈഫിലെ നഷ്ടങ്ങൾ, നേട്ടങ്ങൾ, സന്തോഷം, സങ്കടം, നിസ്സാഹായതയുമെല്ലാം ഒരു തിരശ്ശീലയിലെന്ന പോലെ കടന്നുപോകുന്ന അവസ്ഥ…
‘മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി’ എന്ന കോസ്റ്റോറിക്കന്‍ സിനിമയും അങ്ങനെയൊരു ഓർത്തെടുക്കലിന്റെ ദൃശ്യാവിഷ്കാരമാണ്. കുട്ടിക്കാലം മുതലുള്ള ട്രോമകൾ, ഒറ്റപ്പെടൽ, വൈവാഹിക ജീവിത കാലയളവിൽ നഷ്ടപ്പെട്ടുപോയ യൗവ്വനം, പങ്കാളിയോടൊപ്പമുള്ള അഡ്ജസ്റ്റ്മെന്റിൽ മുങ്ങിപ്പോയ സന്തോഷങ്ങൾ, ആത്മസംതൃപ്തി, അങ്ങനെ സ്ത്രീകൾ ജീവിച്ച് തീർത്ത കാര്യങ്ങൾ വാർദ്ധക്യത്തിൽ ഓർത്തെടുക്കുന്ന കഥാ നായികയാണ് സിനിമയിലുള്ളത്, ആ തിരിഞ്ഞുനോട്ടത്തിൽ ലോകമാകെയുള്ള സ്‍ത്രീ ജീവിതത്തിന്റെ പ്രതിഫലനമുണ്ട് എന്നുള്ളതാണ് സത്യം.
ALSO READ: വൈദ്യുതി ബില്‍ പൂജ്യം; മീറ്ററില്‍ കേടുപാട്, സമാജ് വാദി പാര്‍ട്ടി എംപിക്ക് ഒന്നരക്കോടിയിലധികം പിഴ
ലൈംഗികത നിഷിദ്ധമായിരുന്ന ഒരു കാലത്താണ് അന, പട്രീഷ്യ, മായേല എന്നിവർ വളർന്നത്. വികാരങ്ങളെ അടിച്ചമർത്തുന്ന സമൂഹത്തിന്റെ ചട്ടക്കൂടുകളും നിരവധി അലിഖിത നിയമങ്ങളും ഉണ്ടായിരുന്ന കാലഘട്ടത്തിൽ ജീവിച്ചവരാണ് ഈ സ്ത്രീകളെല്ലാം. അവരുടെ ജീവിത സംഘർഷങ്ങളെല്ലാം വ്യക്തമായി വരച്ച് കാട്ടുന്നുണ്ട് സിനിമ. ഈ മൂന്ന് സ്‍ത്രീകളുടെ അനുഭവങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുകയാണ് സിനിമയില്‍.
ഈ മൂന്ന് സ്ത്രീകളുടെ ജീവിതം 65 വയസുള്ള ഒരു സ്ത്രീയുടെ ചലനങ്ങളിലൂടെ അവതരിപ്പിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. വിഷമവും വേദനകളും നഷ്‍ടപ്പെടലുകളും തിരിച്ചുവരലുമെല്ലാം ചേർന്ന് സ്‍ത്രീലോകത്തെയാകെ പ്രതിനിധീകരിക്കുന്ന സ്വഭാവത്തിലാണ് ‘മെമ്മറീസ് ഓഫ് എ ബേര്‍ണിംഗ് ബോഡി’ അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈവാഹിക ജീവിതത്തിന് ശേഷമുള്ള ലൈംഗികതയിലെ സംതൃപ്തിയില്ലായ്മ, ഭര്‍തൃപീഡനം എന്നിവ പറഞ്ഞുപോകുന്ന രംഗങ്ങൾ പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കും.
ALSO READ: അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി
70 വയസുള്ള സ്‍ത്രീയുടെ കഥാപാത്രമായെത്തുന്നത് സോള്‍ കാര്‍ബല്ലെയാണ്. ഡോക്യുമെൻ്ററി രീതിയിൽ തുടങ്ങുന്ന ഒരു ചിത്രമായിട്ടും അതിന്റെ സജീവത നിലനിര്‍ത്തുന്നതും പ്രക്ഷകനെ കഥയ്ക്കൊപ്പം പിടിച്ചിരുത്തുന്നതും സോള്‍ കാര്‍ബല്ലെയുള്ള അസാധ്യമായ പ്രകടനമാണ്. യുവതിയുടെ കഥാപാത്രം അവതരിപ്പിച്ച പൌളിന ബെമിനയുടെ പ്രകടനം പുരാഷാധിപത്യ സമൂഹത്തിന്റെ അലിഖിതനിയമങ്ങളുടെ ഫലമായി വരുന്ന ദുരിതങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയായുള്ള ജുലിയാന ഫില്ലോയിയുടെ സാന്നിദ്ധ്യം പറഞ്ഞുവെയ്ക്കുന്നത് ആര്‍ദ്രമായ പ്രണയമാണ്.
പറഞ്ഞുപോകുന്ന ഓരോ ഓർമകളിലും പ്രേക്ഷകനെയിങ്ങനെ കൊളുത്തിയിടുകയാണ് സിനിമ, സ്‍ത്രീ ജീവിതത്തിന്റെ ഇരുള്‍വശങ്ങളെ സമഗ്രമായി അടയാളപ്പെടുത്താൻ സംവിധായിക പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് തന്നെ പറയാം. അന്റോണല്ല സുദാസ്സസിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പല പ്രായത്തിലുള്ള സ്‍ത്രീകളുടെ അനുഭവങ്ങളുടെ ഇടകലരൽ, കഥ പറച്ചിലിന് പ്രത്യേക ഭംഗി തന്നെ നൽകുന്നുണ്ട്.
ALSO READ: ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരത: മന്ത്രി വി ശിവൻകുട്ടി
സിനിമ അതിന്റെ അന്ത്യത്തോട് അടുക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ അഘോഷവും പ്രത്യാശയും പങ്കുവെയ്ക്കുന്നുണ്ട്. സ്ത്രീകൾ തിരിച്ചുപിടിക്കേണ്ട ജീവിത കാലങ്ങളെയും കൈക്കൊള്ളേണ്ട തീരുമാനങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് സിനിമാ അവതരണം. ക്ലൈമാക്സ് എത്തുമ്പോൾ പ്രേക്ഷകന്റെ ഹൃദയത്തിൽ വളരെ ആഴത്തിലുള്ള ഒരു സ്പർശനം നൽകി സിനിമയങ്ങ് കടന്നുപോകും, ഒപ്പം ആശ്വാസത്തിന്റെ ഒരു ചിരിയും.
ബെര്‍ലിന്‍മേളയില്‍ പ്രേക്ഷക പുരസ്‌കാരം നേടിയ ‘മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി’ 29-ാംമത് ഐഎഫ്എഫ്കെയിലും നിറഞ്ഞ കയ്യടി നേടിയാണ് മേള വിടുന്നത്. ചലച്ചിത്ര മേളയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നിറഞ്ഞ സദസ്സില്‍ മികച്ച അഭിപ്രായത്തോടെയാണ് സിനിമ നമ്മുടെ നാട്ടിൽ നിന്നും യാത്രയാകുന്നതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here