മഹാരാഷ്ട്രയിൽ വൻ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മഹാ വികാസ് അഘാഡിയിൽ വിള്ളൽ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് കാരണം കോൺഗ്രസിന്റെ തെറ്റായ സമീപനങ്ങളെന്നാണ് ശിവസേന താക്കറെ പക്ഷം ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസിന്റെ അമിതമായ ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും താക്കറെ ശിവസേന കുറ്റപ്പെടുത്തി.
സീറ്റ് വിഭജന ചർച്ചകളിൽ സഖ്യകക്ഷിയായ കോൺഗ്രസിൻ്റെ അമിത ആത്മവിശ്വാസവും അഹങ്കാരം നിറഞ്ഞ മനോഭാവവും സഖ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് മുതിർന്ന ശിവസേന (യുബിടി) നേതാവ് വിമർശിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉദ്ധവ് താക്കറെയെ പ്രഖ്യാപിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്ന് നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ പ്രതികരിച്ചതോടെ മഹാ വികാസ് അഘാഡിയിലെ ഭിന്നത കൂടുതൽ രൂക്ഷമായി. ഉദ്ധവ് താക്കറെ സഖ്യം വിട്ടേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
Also Read: ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
288 അസംബ്ലി സീറ്റുകളിൽ 230 സീറ്റുകൾ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി നിർണായക വിജയം ഉറപ്പിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 46 സീറ്റുകളിലാണ് ഒതുങ്ങിയത്.
മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ എക്കാലത്തെയും മോശം പ്രകടനമായിരുന്നു ഇത്തവണ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേത്. പാർട്ടി മത്സരിച്ച 101 സീറ്റുകളിൽ 16 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here