ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.19 വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ ശിക്ഷാവിധി.
അതേസമയം വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്ന് റിജിത്തിൻ്റെ അമ്മ ജാനകിയും സഹോദരിയും മാധ്യമങ്ങളോട് പ്രതികരിച്ചു. അൽപ്പം വൈകിയെങ്കിലും റിജിത്തിൻ്റെ കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും പ്രതികരിച്ചു.
ഈ മാസം 4നാണ് റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. 10 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കിയുള്ള ഒൻപത് പ്രതികൾക്കാണ് ശിക്ഷ വിധിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാധിച്ചത്. ആർ എസ് എസ് ബിജെപി പ്രവർത്തകരായ വി വി സുധാകരൻ ,കൊത്തില താഴെ വീട്ടിൽ ജയേഷ് സി പി രഞ്ജിത്ത് , പി പി അജീന്ദ്രൻ , ഐ വി അനിൽകുമാർ, രാജേഷ് പി പി ,വി വി ശ്രീകാന്ത് ,വി വി ശ്രീജിത്ത്, ടി വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.
Also read: നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
2005 ഒക്ടോബർ 3ന് രാത്രി 7.45 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.റിജിത്തിന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും വെട്ടേറ്റു. റിജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കണ്ണൂരിൽ ആർ എസ് എസ് നടത്തിയ ക്രൂരമായ രാഷ്ട്രീയ കൊലപാതത്തിലൊന്നായിരുന്നു 25 വയസ്സുകാരനായ റിജിത്തിൻ്റെ കൊലപാതകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here