ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ വധത്തിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കണ്ണീരോടെ റിജിത്തിൻ്റെ അമ്മ ജാനകി. വിധിയിൽ സന്തോഷമുണ്ടെങ്കിലും കുടുംബത്തിൻ്റെ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ലെന്ന് ജാനകി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
റിജിത്തിൻ്റെ അമ്മ ജാനകിയും സഹോദരിയും നാട്ടുകാരും വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. തുടർന്നാണ് കോടതിവിധിയ്ക്കു ശേഷം മാധ്യമങ്ങളോട് ഇത്തരത്തിൽ റിജിത്തിൻ്റെ അമ്മ പ്രതികരിച്ചത്.
ALSO READ: ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം
25 വയസ്സുള്ള മകൻ്റെ വെട്ടിനുറുക്കിയ ചേതനയറ്റ ശരീരം കാണേണ്ടി വന്ന അമ്മയാണ് ജാനകി. എല്ലാ വേദനകളും അടക്കിപ്പിടിച്ച് 19 വർഷവും 3 മാസവുമാണ് റിജിത്തിൻ്റെ അമ്മ ഈ വിധിക്കായി കാത്തിരുന്നത്. ഒടുവിൽ നീതി ലഭിച്ചെങ്കിലും മകനെ നഷ്ടപ്പെട്ട വേദന ആ അമ്മയിൽ കണ്ണീരായി ഒഴുകി. മകനെ കൊന്നവർക്ക് ശിക്ഷ ലഭിക്കുന്നത് കാത്തിരുന്ന റിജിത്തിൻ്റെ അച്ഛൻ ശങ്കരൻ രണ്ട് വർഷം മുൻപാണ് ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെടാതെ മരിച്ചത്.
നീതി ലഭിച്ചെങ്കിലും കുടുംബത്തിൻ്റെ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്ന് സഹോദരി ശ്രീജയും പ്രതികരിച്ചു. കുടുംബത്തിൻ്റെയും നാടിൻ്റെയും പ്രതീക്ഷയായിരുന്നു റിജിത്ത്. അതുകൊണ്ട് തന്നെ നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിട്ടിറങ്ങുന്ന യുവാവിൻ്റെ കൊലയാളികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നത് കാത്ത് റിജിത്തിൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും കോടതി പരിസരത്ത് എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here